റാന്നി: അവസാന വി.വി.പാറ്റിലെ വോട്ടെണ്ണൽ സമയത്ത് എൽ.ഡി.എഫ്.,യു.ഡി.എഫ് പ്രവർത്തകർ തമ്മിലുണ്ടായ തർക്കം ബഹളത്തിൽ കലാശിച്ചു. പ്രശ്‌നമുണ്ടാക്കിയ യു.ഡി.എഫ് പ്രവർത്തകരെ പൊലീസ് സംരക്ഷിക്കുകയും സി.പി.എം.പ്രവർത്തകർക്കുനേരെ ബലപ്രയോഗം നടത്തുകയും ചെയ്‌തെന്നാരോപിച്ച് സി.പി.എം.പ്രവർത്തകരും പൊലീസും തമ്മിലും ഉന്തും തള്ളും നടന്നു. ഇതിൽ പ്രതിഷേധിച്ച പ്രവർത്തകരെ നേതാക്കളിടപെട്ടാണ് പിന്മാറ്റിയത്. മുക്കാൽ മണിക്കൂറോളം വോട്ടെണ്ണൽ തടസപ്പെട്ടു. മാറ്റിവെച്ച ഒമ്പത് വോട്ടിംഗ് മെഷീനുകളിൽ അവസാനെത്തേത് എണ്ണുമ്പോഴായിരുന്നു സംഭവം. രാത്രി എട്ടുമണിയോടെ ചെറുകോൽ പഞ്ചായത്തിലെ 198ാമത് ബൂത്തിലെ വി.വി.പാറ്റ് എണ്ണുമ്പോളാണ് പ്രശ്‌നമുണ്ടായത്. കൗണ്ടറിൽ യു.ഡി.എഫിന്റെ ഒരാളോഴികെയുള്ളവർ പുറത്തുപോകണമെന്ന് സി.പി.എം.ഏരിയ സെക്രട്ടറി പി.ആർ പ്രസാദ് ആവശ്യപ്പെട്ടു. ഇതേ തുടർന്നായിരുന്നു തർക്കം. തുടർന്ന് പൊലീസെത്തി വരാന്തയിലെത്തിയ സി.പി.എം.പ്രവർത്തകരെ ബലമായി പുറത്താക്കി. ഇതിനിടയിൽ രണ്ട് പേരെ പൊലീസ് മർദ്ദിച്ചതായി ഇവർ ആരോപിക്കുന്നു. രാജു ഏബ്രഹാം, എം,വി.വിദ്യാധരൻ , മനോജ് ചരളേൽ,പി.ആർ.പ്രസാദ് തുടങ്ങിയവർ ഡി.വൈ.എസ്.പി. ആർ.പ്രദീപ് കുമാർ,ഇൻസ്‌പെക്ടർ ജി.ബി.മുകേഷ് എന്നിവരുമായി നടത്തിയ ചർച്ചയിൽ പ്രശ്‌നം അവസാനിപ്പിച്ച ശേഷമാണ് വോട്ടെണ്ണൽ പുനരാരംഭിച്ചത്. ഒമ്പതുമണിയോടെ വോട്ടെണ്ണൽ പൂർത്തിയാക്കി.