mla

കടമ്പനാട് : മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് ഇടതുപക്ഷം ഇന്ന് കടക്കുന്നതോടെ ജില്ലയ്ക്കും പ്രതീക്ഷകളേറെയുണ്ട്. മാത്യു ടി. തോമസും വീണാജോർജും ചിറ്റയം ഗോപകുമാറും പരിഗണനയിൽ ഉണ്ടാകുമെന്നാണ് ഇടതുപ്രവർത്തകരുടെ വിശ്വാസം. 1982 ൽ രൂപീകൃതമായ ജില്ലക്ക് ആദ്യമായി മന്ത്രിയെ കിട്ടുന്നത് 1991 ൽ ആണ്. കെ.കരുണാകരൻ മന്ത്രിസഭയിൽ ആറൻമുളയിൽ നിന്ന് എൻ.ഡി.പി ടിക്കറ്റിൽ വിജയിച്ച ആർ.രാമചന്ദ്രൻ നായരാണ് മന്ത്രിയായത്. ആരോഗ്യമന്ത്രിയായിരുന്നു. എന്നാൽ അഞ്ചു വർഷം പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. എൻ.ഡി.പിയിലെ പ്രശ്നങ്ങൾ കാരണം രാജിവച്ചു. 1996 ലും 2001 ലും ജില്ലയിൽ നിന്ന് ആരെയും പരിഗണിച്ചില്ല. എന്നാൽ 2004 ൽ എ.കെ.ആന്റണി രാജി വച്ചതിനെ തുടർന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ അടൂരിൽ നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും കോന്നിയിൽ നിന്ന് അടൂർ പ്രകാശും മന്ത്രിമാരായി. 2006ൽ വീണ്ടും തിരുവല്ലയിൽ നിന്ന് മാത്യു ടി.തോമസ് മന്ത്രിയായി. 2009ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ട് എൽ.ഡി.എഫു മായി ഉണ്ടായ സീറ്റുചർച്ചയിലുണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് അദ്ദേഹം രാജിവച്ചു. 2011 കോന്നിയിൽ നിന്ന് അടൂർ പ്രകാശ് മന്ത്രിയായി. 2016 ൽ പിണറായി വിജയൻ സർക്കാരിൽ തിരുവല്ലയിൽ നിന്ന് മാത്യു ടി തോമസ് മന്ത്രിയായെങ്കിലും ജനതാദളിലെ ധാരണ പ്രകാരം കൃഷ്ണൻകുട്ടിക്കുവേണ്ടി രാജിവച്ചു. ജനതാദളിൽ നിന്ന് ഇക്കുറി മാത്യു ടി. തോമസിനെ വീണ്ടും പരിഗണിച്ചാൽ ജില്ലക്ക് മന്ത്രിസ്ഥാനം ഉറപ്പ്. സി.പി.എമ്മിൽ നിന്ന് ആറൻമുള എം.എൽ.എ വീണാ ജോർജിനാണ് സാദ്ധ്യത. സി.പി.ഐയിൽ നിന്ന് ചിറ്റയം ഗോപകുമാറിനെ പരിഗണിക്കാനും സാദ്ധ്യതയാണ്.