veena

ആറന്മുള : നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കൂടുതൽ ഭൂരിപക്ഷം നേടി ആറന്മുള മണ്ഡലത്തിൽ നിന്ന് വിജയിച്ച വീണാജോർജിനെ കാത്തിരിക്കുന്നത് മന്ത്രി സ്ഥാനമോ, സ്പീക്കർ പദവിയോ..?

മണ്ഡലത്തിലെ മുൻ എം.എൽ.എമാർക്ക് ലഭിച്ചതിലും ഉയർന്ന ഭൂരിപക്ഷമാണ് ഇത്തവണ വീണാ ജോർജ് നേടിയത് (19003).

2006ൽ വിജയിച്ച സി.പി.എമ്മിലെ കെ.സി.രാജഗോപാലാണ് തൊട്ടു പിന്നിൽ (14,620). 1977 ൽ കോൺഗ്രസിലെ എം.കെ.ഹേമചന്ദ്രന് 14,355 ഉം 1960 ൽ കോൺഗ്രസിലെ തന്നെ കെ.ഗോപിനാഥൻപിള്ളയ്ക്ക് 11,604 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചിരുന്നു.

2016ൽ 7646 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വീണാജോർജ് വിജയിച്ചത്.

തുടർച്ചയായി രണ്ട് തവണ വിജയിച്ച വീണാജോർജിന് അർഹമായ സ്ഥാനം തന്നെ ലഭിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ പരിപാടിയായ ' നാം മുന്നോട്ട് ' എന്നതിന്റെ അവതാരിക കൂടിയാണ് വീണാ. ഇതിലൂടെ സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിച്ചതിന്റെ ക്രഡിറ്റ് വീണാ ജോർജിനും അവകാശപ്പെട്ടതാണെന്ന സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തലാണ് പുതിയ പദവിയിലേക്ക് വീണയെ എത്തിക്കുന്നതിലെ ഒരു ഘടകം. തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വനിതകൾക്ക് സി.പി.എം വേണ്ടത്ര പരിഗണന നൽകിയില്ലെന്ന വിമർശനം മുതിർന്ന വനിതാ നേതാവ് വൃന്ദ കാരാട്ട് കേന്ദ്ര കമ്മിറ്റിയിലും പി.ബിയിലും ഉന്നയിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് സർക്കാരിലും ഭരണ നേതൃത്വങ്ങളിലെ ഉന്നത ശ്രേണികളിലും വനിതകൾക്ക് പ്രാധാന്യം നൽകാൻ സി.പി.എം സംസ്ഥാന നേതൃത്വം തയ്യാറാകുന്നത്.

വീണാ ജോർജ് സ്പീക്കർ ആകുകയാണെങ്കിൽ അത് കേരള നിയമസഭയുടെ ചരിത്രത്തിൽ സ്ത്രീ പ്രാതിനിധ്യത്തിന് ലഭിക്കുന്ന വലിയ അംഗീകാരമാകും. മന്ത്രിയാകുകയാണെങ്കിൽ ജില്ലയിൽ നിന്നുള്ള ആദ്യ വനിതാ മന്ത്രിയെന്ന പേരിലും വീണാ ജോർജ് അറിയപ്പെടും.