ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ എൽ.ഡി.എഫിനുണ്ടായ മുന്നേറ്റത്തിന് കാരണം വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ ജനങ്ങളോടൊപ്പം പ്രവർത്തിച്ചതാണെന്ന് സജി ചെറിയാൻ എം.എൽ.എ പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിൽ തുടർഭരണം ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിച്ചു. പ്രളയവും കൊവിഡും ഉൾപ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ നിന്ന് അതിവേഗം അതിജീവനത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞതിന്റെ പ്രതിഫലനമാണ് ഈ വിജയം. ചരിത്ര ഭൂരിപക്ഷം നൽകി ചെങ്ങന്നൂരിലെ ജനത നെഞ്ചോട് ചേർത്തതിൽ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് ചരിത്ര ഭൂരിപക്ഷം സമ്മാനിച്ച ചെങ്ങന്നൂരിലെ വോട്ടർമാർക്ക് എൽ.ഡി.എഫ് ചെങ്ങന്നൂർ നിയോജമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ജോയിക്കുട്ടി ജോസ്, സെക്രട്ടറി അഡ്വ.പി.വിശ്വംഭരപണിക്കർ, കൺവീനർ എം.എച്ച് റഷീദ് എന്നിവർ നന്ദി അറിയിച്ചു.