ഏഴംകുളം: ഏഴംകുളം പറക്കോട് ടെലഫോൺ എക്‌സേഞ്ചുകളുടെ പരിധിയിൽ ബി.എസ്.എൻ.എൽ. ഫൈബർ കണക്ഷനുകൾക്കായി പുതുതായി സ്ഥാപിച്ച ഒപ്ടിക്കൽ ഫൈബർ കേബിൾ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ കേബിൾ മുറിച്ചു മാറ്റി കടത്തുന്നതായി പരാതി. ബി.എസ്.എല്ലുമായി ഉണ്ടാക്കുന്ന കരാറിന്റെ അടിസ്ഥാനത്തിൽ കരാറുകാരനാണ് കേബിൾ വലിക്കുന്നത്. ഇലക്ട്രിസിറ്റി ബോർഡിന്റെ അനുവാദത്തോടുകൂടി ഇലക്ട്രിക് പോസ്റ്റുകളിൽ കൂടിയാണ് കേബിൾ വലിക്കുന്നത്. അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനും ഉപഭോക്താക്കൾക്കു തടസ്സം കൂടാതെ നെറ്റു കണക്ഷൻ സേവനം ഉറപ്പാക്കുന്നതിനുമാണ് ഒപ്ടിക്കൽ ഫൈബർ കേബിൾ കണക്ഷൻ നൽകുന്നത്. മുപ്പതുകിലോമീറ്ററോളം ദൂരത്തിലാണ് കേബിൾ മുറിച്ചുകടത്തിക്കൊണ്ടുപോയത്. 20 ലക്ഷത്തോളം രൂപ നഷ്ടമായിട്ടുണ്ട്. കേബിൾ മുറിക്കുന്നതും സമീപത്തുള്ള റോഡിൽക്കൂടി കാർ വരുന്നതും ആളിനെ ഇറക്കുന്നതും കേബിൾ മുറിക്കുന്നതും സമീപത്തുള്ള വീട്ടിലെ കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതു സംബന്ധിച്ച് ബി.എസ്.എൻ.എൽ കരാറുകാരനും പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.