പത്തനംതിട്ട : മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ട റിപ്പോർട്ട് യഥാസമയം സമർപ്പിക്കാത്ത തിരുവല്ല പൊലീസ് ഇൻസ്‌പെക്ടർക്ക് കമ്മീഷന്റെ വിമർശനം. മേലിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ തിരുവല്ല പൊലീസ് ഇൻസ്‌പെക്ടർ ശ്രദ്ധിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. പെരുന്ന സ്വദേശി ആൽവിൻജോസഫ് സമർപ്പിച്ച പരാതിയിലാണ് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. നേരിട്ട് ഹാജരായി റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവല്ല ഇൻസ്‌പെക്ടർക്ക് കമ്മീഷൻ സമൻസ് അയച്ചു. ഇതിനുശേഷം തിരുവല്ല സബ് ഇൻസ്‌പെക്ടർ കമ്മീഷൻ സിറ്റിംഗിൽ ഹാജരായി. പരാതി പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് റിപ്പോർട്ട് ആവശ്യപ്പെടുന്നതെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യഥാസമയം റിപ്പോർട്ട് സമർപ്പിക്കാതിരുന്നത് ന്യായീകരിക്കാനാവില്ല. ഇത്തരം വീഴ്ചകൾ ഭാവിയിൽ ഉണ്ടാകരുതെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. പരാതി വിഷയംകോടതിയുടെ പരിഗണനയിലായതിനാൽ കമ്മിഷൻ ഇടപെട്ടില്ല.