ചെങ്ങന്നൂർ: റെക്കോർഡ് ഭൂരിപക്ഷം സമ്മാനിച്ച വിജയത്തിന് തൊട്ടടുത്ത ദിവസവും സജി ചെറിയാന് തിരക്കൊഴിയാത്ത ദിനം തന്നെ. പുലർച്ചെ മുതൽ വിദേശത്ത് നിന്നുമുൾപ്പെടെയുള്ള സുഹൃത്തുക്കളുടെയും എൽ.ഡി.എഫ് പ്രവർത്തകരുടെയും ആശംസകൾ അറിയിച്ചുള്ള ഫോൺ സന്ദേശങ്ങൾക്ക് മറുപടി നൽകിക്കൊണ്ടിരുന്നു. വിവിധ ആവശ്യങ്ങൾക്കായി വീട്ടിലെത്തുന്നവരുടെ തിരക്ക് ഒൻപത് മണി വരെ തുടർന്നു. പിന്നീട് പുത്തൻകാവ്, അറന്തക്കാട്, അരീക്കര, താഴാംഭാഗം എന്നീ സ്ഥലങ്ങളിലെ മരണാനന്തര ചടങ്ങുകളിലേക്ക്. വിവിധ സ്ഥലങ്ങളിലെ വിവാഹ ചടങ്ങുകളിലും പങ്കെടുത്തു. തുടർന്ന് സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിൽ എത്തി എൽ.ഡി.എഫ് നേതാക്കളുമായി തിരഞ്ഞെടുപ്പ് വിശകലനം നടത്തി. വൈകിട്ട് കൊട്ടാരക്കരയിൽ മുൻ മന്ത്രി കെ.ആർ ബാലകൃഷ്ണപിള്ളയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് അന്ത്യോപചാരമർപ്പിച്ചു.