അടൂർ : ജില്ലയിൽ യു.ഡി.ഫിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡി. സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് രാജി വെയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ, കോൺഗ്രസ് അടൂർ മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് എന്നിവർ ഫെയ്സ് ബുക്കിൽ കുറിച്ച പോസ്റ്റുകൾ വരും ദിനങ്ങളിൽ പാർട്ടി പ്രവർത്തകർക്കിടയിൽ നിന്നുള്ള പ്രതിഷേധം ശക്തമാകുമെന്നതിന്റെ ആദ്യ സൂചനകളാണിത്. ജില്ലയിലെ പാർട്ടി കീഴ്ഘടകങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ജില്ലാ കമ്മിറ്റി പരാജയപ്പെട്ടു. ചെറിയ വോട്ടുകൾക്ക് പരാജയപ്പെട്ട റാന്നി, അടൂർ പോലുള്ള മണ്ഡലങ്ങളിലെ ബ്ലോക്ക് പ്രസിഡന്റുമാരും പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വയം രാജിവെച്ചൊഴിഞ്ഞ് പോകുന്നതിനുള്ള സന്മനസ് കാട്ടെണമെന്നുമാണ് ബാബു ദിവാകരൻ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് പരാജയത്തിലെ ഡി.സി.സി പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യം അടൂരിലെ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. പാർട്ടിയെ ബൂത്ത് തലത്തിൽ ജില്ലയിൽ വളർത്തുവാൻ ഒരു നടപടിയും കൈക്കൊള്ളാതെ വെറുതെ യോഗങ്ങളിൽ പ്രസംഗിച്ചു മാത്രം നടന്നു. പാർട്ടി പ്രവർത്തകരുടെ ഒരു ആവശ്യത്തിനും പരിഹാരം ചെയ്തു കൊടുക്കാതെ ഗ്രൂപ്പ്‌ മാത്രം നോക്കി പ്രവർത്തിക്കുന്ന നടപടിയാണ് പാർട്ടിയെ പരാജയത്തിന്റെ പടുകുഴിയിൽ എത്തിച്ചതെന്ന് കോൺഗ്രസ് അടൂർ മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് കുറ്റപ്പെടുത്തി.