ചെങ്ങന്നൂർ : വെൺമണിയിൽ മഞ്ഞൾ കൃഷിയിൽ നൂറുമേനി വിളവ്. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ വെൺമണി പഞ്ചായത്തിൽ നടപ്പിലാക്കുന്ന മഞ്ഞളിന്റെ ഉൽപ്പാദന വിപണന ശൃംഖല പദ്ധതിയുടെ ഭാഗമായാണ് കൃഷി നടത്തിയത്. മാവേലിക്കര, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത 10 പഞ്ചായത്തുകളിൽ നിന്നുള്ള 250 കർഷകരെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. അത്യുൽപാദന ശേഷിയുള്ള മഞ്ഞൾ ഇനങ്ങളുടെ ശാസ്ത്രീയ കൃഷി, സംഭരണം, സംസ്‌കരണം, മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണം, വിപണനം എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

വെൺമണി അത്തിമറ്റത്ത് സ്വാമിദാസിന്റെ കൃഷിയിടത്തിൽ നടന്ന മഞ്ഞൾ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ് നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിമോൾ അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ രമേശ് കുമാർ, പഞ്ചായത്തംഗങ്ങളായ ബി.ബാബു, മനോഹരൻ മണക്കാല, മനോജ് മുരളി, കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.പി.മുരളീധരൻ, ഉദ്യോഗസ്ഥരായ രാജീവ്, സുനയന, വെൺമണി കൃഷി ഓഫിസർ എസ്.എസ് ശുഭജിത്ത് എന്നിവർ പങ്കെടുത്തു.