അടൂർ : 2016ലെ അസംബ്ളി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന് ലഭിച്ച കാൽ ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇക്കുറി വൻ ഇടിവ് എങ്ങനെ ഉണ്ടായി എന്നത് എൽ.ഡി. എഫ് കേന്ദ്രങ്ങളെ ഞെട്ടിക്കുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി എം.ജി.കണ്ണൻ ശക്തമായ മത്സരം കാഴ്ചവെച്ചെങ്കിലും ഭൂരിപക്ഷം 15,000 ന് മുകളിൽ എത്തുമെന്നതായിരുന്നു കണക്കുകൂട്ടൽ. എന്നാൽ എൽ. ഡി.എഫിന് ഭൂരിപക്ഷം ലഭിക്കേണ്ട കൊടുമൺ, പന്തളം തെക്കേക്കര, പള്ളിക്കൽ പഞ്ചായത്തുകളിൽപോലും പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചില്ല. അടൂർ നഗരസഭയിലും തുമ്പമൺ, ഏറത്ത് പഞ്ചായത്തുകളിലും യു.ഡി.എഫ് സ്ഥാനാർത്ഥിക്കാണ് ഭൂരിപക്ഷം ലഭിച്ചത്. പന്തളം നഗരസഭയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഭൂരിപക്ഷം ലഭിച്ചതാണ് തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ആശ്വാസം. പന്തളം നഗരസഭയിൽ ചിറ്റയം ഗോപകുമാറിന് 9839 വോട്ടും എം. ജി.കണ്ണന് 8390 വോട്ടും എൻ.ഡി.എ സ്ഥാനാർത്ഥി പന്തളം പ്രതാപന് 6089 വോട്ടും ലഭിച്ചപ്പോൾ തുമ്പമൺ പഞ്ചായത്തിൽ എം. ജി കണ്ണന് 597 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ചിറ്റയത്തിന് 1674 വോട്ടു ലഭിച്ചപ്പോൾ എം.ജി.കണ്ണന് 2271 ഉം പന്തളം പ്രതാപന് 585 ഉം വോട്ടുകൾ ലഭിച്ചു. പന്തളം തെക്കേക്കര പഞ്ചായത്തിൽ ഇക്കുറി 871 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ചിറ്റയത്തിന് ലഭിച്ചത്. ചിറ്റയത്തിന് 4703 ഉം എം.ജി.കണ്ണന് 3832 ഉം പന്തളം പ്രതാപന് 2929 വോട്ടും ലഭിച്ചു.
കൊടുമൺ പഞ്ചായത്തിൽ കേവലം 1284 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ചിറ്റയം ഗോപകുമാറിന് ലഭിച്ചത്. ചിറ്റയത്തിന് 8086 ഉം, എം.ജി.കണ്ണന് 6802 ഉം, പന്തളം പ്രതാപന് 2126 ഉം വോട്ടുകൾ ലഭിച്ചു. അടൂർ നഗരസഭയിൽ എം.ജി.കണ്ണന് 1572 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. 6419 വോട്ട് ചിറ്റയത്തിന് ലഭിച്ചപ്പോൾ എം.ജി കണ്ണന് 7991ഉം എൻ.ഡി. എയ്ക്ക് 2583 ഉം വോട്ടുകൾ ലഭിച്ചു. പള്ളിക്കൽ പഞ്ചായത്തിൽ ചിറ്റയത്തിന് 12,078 വോട്ടും, എം. ജി. കണ്ണന് 10160 ഉം, എൻ.ഡി.എയ്ക്ക് 2583 ഉം വോട്ടുകൾ ലഭിച്ചു. കടമ്പനാട് പഞ്ചായത്തിൽ ചിറ്റയത്തിന് 7340 ഉം, എം.ജി.കണ്ണന് 7130 ഉം, പന്തളം പ്രതാപന് 1808 ഉം വോട്ടുകൾ ലഭിച്ചു. 2463 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച ഏറത്ത് പഞ്ചായത്തിൽ ഇക്കുറി 1166 വോട്ടിന്റെ ഭൂരിപക്ഷം എം. ജി.കണ്ണനാണ് ലഭിച്ചത്. ചിറ്റയത്തിന് 5431 വോട്ടുകൾ ലഭിച്ചപ്പോൾ എം. ജി കണ്ണന് 6597 ഉം പന്തളം പ്രതാപന് 2479 ഉം വോട്ടുകൾ ലഭിച്ചു. ഏഴംകുളം പഞ്ചായത്തിൽ കേവലം 73 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഒതുങ്ങി. ചിറ്റയത്തിന് 8388 ഉം, എം. ജി.കണ്ണന് 8315 ഉം, പന്തളം പ്രതാപന് 2462 ഉം വോട്ടുകൾ ലഭിച്ചു.