hospital

പത്തനംതിട്ട : എനിക്ക് ശ്വാസം മുട്ടുന്നുവെന്ന്.... നമ്മുടെ നാട്ടിലെ കൊവിഡ് രോഗികൾ വിലപിക്കുന്ന നാളുകൾ വിദൂരമല്ല. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയുടെ ആരോഗ്യമേഖല കടുത്ത ആശങ്കയിലാണ്. ആവശ്യാനുസരണം ഒാക്സിജൻ ലഭിക്കാത്തതും ഐ.സി.യു കിടക്കകളുടെ കുറവുമാണ് വരും ദിവസങ്ങളിൽ ആപത്ത് സൂചനയാകുന്നത്. ഇപ്പോൾ 600 ഓക്സിജൻ സിലിണ്ടർ പ്രതിദിനം ജില്ലയിലെ ആശുപത്രികളിൽ ആവശ്യമായി വരുന്നുണ്ട്. മുമ്പ് 200 സിലിണ്ടർ ഒാക്സിജൻ ഉപയോഗിക്കേണ്ടി വന്ന അവസ്ഥയിൽ നിന്നാണ് ഈ മാറ്റം. ഐ.സി.യു കിടക്കകളിൽ എൺപത് ശതമാനം നിറഞ്ഞു കഴിഞ്ഞു. വെൻഡിലേറ്റർ എഴുപത് ശതമാനവും. കൊവിഡ് കേസുകൾ ആയിരം കടന്നപ്പോഴുള്ള ജില്ലയുടെ അവസ്ഥയാണിത്. കേസുകൾ ഇനിയും കൂടിയാൽ ഉത്തരേന്ത്യയിലെ പോലെ വലിയ രീതിയിൽ ആളുകൾ ശ്വാസം കിട്ടാതെ മരണത്തിന് കീഴടങ്ങേണ്ടി വരും.

ആവശ്യത്തിന് സി.എഫ്.എൽ.ടി.സികൾ പ്രവർത്തിക്കാത്തതും രോഗവ്യാപനത്തിന് കാരണമാകുന്നു. വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികളിൽ പലർക്കും യഥാസമയം ചികിത്സ ലഭിക്കുന്നില്ലായെന്ന് ആക്ഷേപമുണ്ട്. ജില്ലയിൽ പ്രതിദിനം 10 മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

നിർണായകമായ ഒരാഴ്ച

ഞായർ വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ലോക്ക് ഡൗണായ സംസ്ഥാനങ്ങളിലെ കൊവിഡ് കണക്കുകൾ വലിയ രീതിയിൽ കുറഞ്ഞതായി കണ്ടെത്തിയെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ആയിരത്തിൽ താഴെ ആണെങ്കിൽ മാത്രമേ ജില്ലയ്ക്ക് നിയന്ത്രിക്കാൻ കഴിയു. ഒരാഴ്ച വീട്ടിലിരുന്നാൽ കാറ്റഗറി സി യുടെ വ്യാപനം ഉണ്ടാവില്ല. അത് കൊവിഡ് കേസുകൾ കുറയ്ക്കാൻ സാധിക്കും.

വാക്സിൻ ഇന്ന് 10000 ഡോസ് എത്തും

രണ്ടാംഡോസ് നൽകാനായി പതിനായിരം ഡോസ് വാക്സിൻ ഇന്നെത്തും. 83 കേന്ദ്രങ്ങളാണ് ജില്ലയിൽ ഉള്ളത്. പതിനായിരം ഡോസ് ഒരു ദിവസത്തേക്ക് ഉപയോഗിക്കാനുള്ളതേയുള്ളു. നിലവിലുണ്ടായിരുന്ന നാലായിരം ഡോസ് സ്റ്റോക്ക് ഇന്നലെ തീർന്നു. പകുതിയിലേറെപ്പേർ ഇപ്പോഴും വാക്സിൻ ഒന്നാംഘട്ടം പൂർത്തിയാക്കി രണ്ടാമത്തേതിനായി കാത്തിരിക്കുകയാണ് .

മറ്റു രോഗങ്ങൾക്കും സാദ്ധ്യത

ഡെങ്കിപ്പനിയടക്കമുള്ള പകർച്ചവ്യാധികൾ വർദ്ധിക്കാൻ സാദ്ധ്യതയുള്ള സമയമാണിത്. ഇടയ്ക്കിടയ്ക്ക് പെയ്യുന്ന മഴ ഈ രോഗങ്ങൾ വർദ്ധിക്കാൻ കാരണമാകും. കൊതുകുകൾ കൂടുന്നുണ്ട്. കൊവിഡ് സാഹചര്യത്തിൽ ഈ കേസുകൾ കൂടിയായാൽ സ്ഥിതി കൂടുതൽ വഷളാകും.

" ഒരാഴ്ച എല്ലാവരും സഹകരിച്ചാൽ രോഗവ്യാപനം തടയാം. അല്ലെങ്കിൽ നിയന്ത്രിക്കാൻ പോലുമാകാതെ നമ്മൾ നിസഹായരാകേണ്ടി വരും. ജില്ലയിലെ സൗകര്യങ്ങൾക്ക് അപ്പുറമാകാതിരിക്കാൻ നമ്മൾ തന്നെ ശ്രദ്ധിക്കണം. മറ്റ് ജീവിത ശൈലി രോഗങ്ങളും വർദ്ധിക്കാൻ സാദ്ധ്യതയുള്ള സമയമാണിത്. "

ഡോ. എ.എൽ ഷീജ

ഡി .എം.ഒ

1093 പേർക്ക് കൊവിഡ് , 10 മരണം

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 1093 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 566 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്ന് വന്നതും 27 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 1065 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 7 പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 79,532 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 72,487 പേർ സമ്പർക്കംമൂലം രോഗം ബാധിച്ചവരാണ്.

ജില്ലയിൽ ഇന്നലെ 566 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 68,150 ആണ്.

10 മരണംകൂടി

ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ

10 പേരുടെ മരണം റിപ്പോർട്ട് ചെയ്തു.

1) കുളനട സ്വദേശി (83) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരിച്ചു.
2) മല്ലപ്പള്ളി സ്വദേശിനി (74) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരിച്ചു.
3) റാന്നി പഴവങ്ങാടി സ്വദേശിനി (64) ജില്ലാ ആശുപത്രിയിൽ മരിച്ചു.
4) ചിറ്റാർ സ്വദേശി (60) സ്വവസതിയിൽ മരിച്ചു.
5) അടൂർ സ്വദേശി (95) പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മരിച്ചു.
6) ആറന്മുള സ്വദേശിനി (1 വയസ്സ്) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു.
7) നാറാണമ്മൂഴി സ്വദേശിനി (64) 30.04.2021ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മരിച്ചു.
8) എഴുമറ്റൂർ സ്വദേശിനി (37) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു.
9) പുറമറ്റം സ്വദേശി (85) സ്വവസതിയിൽ മരിച്ചു.
10) നെടുമ്പ്രം സ്വദേശി (70) സ്വവസതിയിൽ മരിച്ചു.