a
സജി ചെറിയാൻ എം.എൽ.എയെ മുളക്കുഴ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പത്മാകരൻ അനുമോദിക്കുന്നു

ചെങ്ങന്നൂർ: വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും പിന്നിൽ പോകാതെ മുന്നേറിയ സജി ചെറിയാൻ ചെങ്ങന്നൂർ നഗരസഭയിലും 10 പഞ്ചായത്തുകളിലും ലീഡ് നേടിയപ്പോൾ കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് സ്വന്തം തട്ടകമായ മുളക്കുഴയിൽ നിന്ന്. മുളക്കുഴയിൽ എതിർസ്ഥാനാർത്ഥികൾക്ക് എല്ലാവർക്കും കൂടി ലഭിച്ച വോട്ടിനേക്കാൾ കൂടുതലാണ് സജി ചെറിയാന് ലഭിച്ച വോട്ട്. ഭൂരിപക്ഷമാകട്ടെ എതിർസ്ഥാനാർത്ഥിക്ക് കിട്ടിയ വോട്ടിനേക്കാൾ നാലിലൊന്ന് കൂടുതലും. ഇവിടെ 10,016 വോട്ട് ലഭിച്ച സജി ചെറിയാന്റെ ഭൂരിപക്ഷം 5701 ആണ്. യു.ഡി.എഫിന് ലഭിച്ചത് 4315 വോട്ടും.

തിരുവൻവണ്ടൂർ ഒഴിച്ചാൽ മറ്റ് പഞ്ചായത്തുകളിലും നഗരസഭയിലും നാലക്ക ഭൂരിപക്ഷത്തിനാണ് സജി ചെറിയാൻ മുന്നേറിയത്. കഴിഞ്ഞ പല തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയോടൊപ്പം നിന്ന പാരമ്പര്യമുള്ള തിരുവൻവണ്ടൂരിൽ പോലും സജി ചെറിയാൻ മുന്നേറി. ഇവിടെ അദ്ദേഹത്തിന് ലഭിച്ചത് 547 വോട്ടുകളുടെ ഭൂരിപക്ഷമാണ്. ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി. മണ്ഡലത്തിൽ ബി.ജെ.പി 4 പഞ്ചായത്തുകളിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു, തിരുവൻവണ്ടൂർ, പാണ്ടനാട്, ബുധനൂർ, ചെറിയനാട് പഞ്ചായത്തുകളിൽ വ്യക്തമായ മാർജിനിലിലാണ് ബി.ജെ.പി രണ്ടാമത് എത്തിയത്. നഗരസഭയിലും 5 പഞ്ചായത്തുകളിലുമാണ് യു.ഡി.എഫ് രണ്ടാമതെത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി എം.മുരളിയുടെ സ്വന്തം പഞ്ചായത്തായ ചെന്നിത്തലയിൽ പോലും 3098 വോട്ടുകളുടെ ഭൂരിപക്ഷം സജി ചെറിയാൻ നേടി.

നഗരസഭ-1839, മാന്നാർ- 3816, പാണ്ടനാട്-1158, ആല-1828, പുലിയൂർ-2299, ബുധനൂർ-3454, ചെറിയനാട്-3069, വെൺമണി-3110 എന്നിങ്ങനെയാണ് സജി ചെറിയാന്റെ ഭൂരിപക്ഷം. ഇവിടെ എല്ലാം ഗണ്യമായി വോട്ട് ചോർച്ച നേരിട്ടത് യു.ഡി.എഫ് ആണ്. 2018 ലെ ഉപതിരഞ്ഞെടുപ്പിൽ സജി ചെറിയാൻ നേടിയത് 67,303 വോട്ടായിരുന്നു. ജി.വിജയകുമാർ 46,347 വോട്ടും പി.എസ് ശ്രീധരൻപിള്ള 35,270 വോട്ടും. ഇത്തവണ സജി ചെറിയാൻ 71502 വോട്ട് നേടിയപ്പോൾ അധികം ലഭിച്ചത് 4199 വോട്ടാണ്. യൂ.ഡി.എഫ് ഇത്തവണ നേടിയത് 39409 വോട്ടാണ്. 2018ൽ ലഭിച്ചതിനെക്കാൾ 6938 വോട്ട് കുറവ്. ബി.ജെ.പി ക്ക് 3452 വോട്ട് ലഭിച്ചു. കേവലം 750 വോട്ടിന്റെ കുറവ് മാത്രമാണ് ഉണ്ടായത്. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് യു.ഡി.എഫിന് നഷ്ടമായ വോട്ടുകളാണ് സജി ചെറിയാ

ന് ലഭിച്ചതെന്നാണ്.