അടൂർ: അടൂരിൽ ഹാട്രിക് വിജയം നേടിയ ചിറ്റയം ഗോപകുമാറിന് സ്നേഹോഷ്മള സ്വീകരണം ഒരുക്കി സി.പി.എം അടൂർ ഏരിയാ കമ്മിറ്റി. ഫലപ്രഖ്യാപനത്തിന് ശേഷം അടൂർ ഏരിയാ കമ്മിറ്റി ഓഫീസ് സന്ദർശനവേളയിൽ കേക്ക് മുറിച്ച് മധുരം പങ്ക് വെച്ചായിരുന്നു സ്വീകരണം.സി പി.എം ജില്ലാസെക്രട്ടറി കെ.പി ഉദയഭാനു സന്നിഹിതനായിരുന്നു. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എസ് മനോജ്, ഡി.വൈ.എഫ്.ഐ നേതാക്കളായ ബി.നിസാം, അസ്കർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. എൽ.ഡി..എഫ് കഴിഞ്ഞ അഞ്ച് വർഷക്കാലം നടത്തിയ സമാനതകൾ ഇല്ലാത്ത വികസനത്തിന്റെ ഫലമാണ് കേരളമൊട്ടാകെയുള്ള ഈ മഹാവിജയമെന്നും അടൂരിലെ ജനങ്ങൾ എക്കാലത്തും ഇടതുപക്ഷത്തിനൊപ്പമാണന്നും ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ് എന്നും സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പറഞ്ഞു. അടൂരിലെ ജനങ്ങൾ നല്കിയ വിജയത്തിന് ഇരട്ടി മധുരമുണ്ടന്നും അടൂരിൽ വരുംകാല വികസന പ്രവർത്തനങ്ങൾക്ക് ഇത് ഊർജ്ജം നല്കുമെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു.