കോന്നി: കോന്നി താലൂക്കിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്. ലോക് ഡൗണിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളതെങ്കിലും അനാവശ്യമായി പുറത്തിറങ്ങുന്നവരെ നിയന്ത്രിക്കാൻ പൊലീസിന് പൂർണമായും കഴിഞ്ഞിട്ടില്ല. ഇന്നലെ നിരവധി ആളുകൾക്ക് പൊലീസ് താക്കീതും പിഴയും നൽകി. വ്യാപര സ്ഥാപനങ്ങളിൽ ആളുകൾ കൂട്ടം കൂടരുതെന്ന നിർദ്ദേശം പലയിടങ്ങളിലും ലംഘിക്കപ്പെട്ടു. ഇത്തരം വ്യാപാര സ്ഥാപനങ്ങൾക്ക് പൊലീസ് താക്കീത് നോട്ടീസ് നൽകിയിട്ടുണ്ട്. തുടർന്നും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാൽ കടകൾ പൂട്ടി സീൽ ചെയ്യുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. പ്രധാന കവലകളിൽ രാത്രിയും പകലും പൊലീസ് പരിശോധനയും പട്രോളിംഗും ശക്തമാക്കി. രോഗ വ്യാപനം നിയന്ത്രതാതീതമായ പ്രമാടം, കോന്നി പഞ്ചായത്തുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം തുടരുന്നുണ്ട്. ഇരു പഞ്ചായത്തുകളിലും നിരവധി ക്ലസ്റ്ററുകളും കണ്ടെയ്‌മെന്റ് സോണുകളും നിലവിലുണ്ട്. നിയോജക മണ്ഡലത്തിൽ മൂന്ന് ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവരെയും രോഗികളെയും ആശുപത്രിയിൽ എത്തിക്കുന്നതിന് 108 ആംബുലൻസുകൾ എല്ലാ കേന്ദ്രങ്ങളിലും സജ്ജീകരിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ മരണങ്ങളും രോഗികളുടെ എണ്ണവും കൂടുതലായിരുന്നെങ്കിലും ഇടയ്ക്ക് നാമമാത്രമായി. ഇതോടെ ഇളവുകളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ വീണ്ടും കൂടുതൽ രോഗികൾ ഉണ്ടാവുകയും ക്ലസ്റ്ററുകൾ രൂപപ്പെടുകയും ചെയ്തതോടെയാണ് കോന്നി താലൂക്കിൽ കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയാറായത്.
പ്രമാടത്ത് ചികിത്സ തുടങ്ങി
പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ താൽക്കാലിക ട്രീറ്റ് മെന്റ് സെന്ററിൽ
രോഗികൾ ചികിത്സയിലുണ്ട്. ഇതിന് പുറമെ കൈപ്പട്ടൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, താവളപ്പാറ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലും സി.എഫ്.എൽ.ടി.സികൾ സജ്ജമാക്കിയിരിക്കുന്നത്. ഇവിടങ്ങളിൽ 300 കിടക്കകളുടെ സൗകര്യമാണുള്ളത്. രോഗ വ്യാപനത്തിന്റെ തോത് കണക്കിലെടുത്ത് എല്ലാ പഞ്ചായത്തുകളിലും സി.എഫ്.എൽ.ടി.സി.കൾ സജ്ജീകരിക്കും. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. നിയോജക മണ്ഡലത്തിൽ നിരവധി ക്ലസ്റ്ററുകളും കണ്ടെയ്ൻമെന്റ് സോണുകളും നിലവിലുണ്ട്.
-വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് വർദ്ധിച്ചതിനാൽ പൊലീസ് നോട്ടിസ് നൽകി
- മൂന്ന് ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററുകൾ
-108 അംബുലൻസ് സജ്ജീകരിച്ചു