പത്തനംതിട്ട: കൊടുന്തറ വെയർഹൗസിംഗ് ഗോഡൗണിലേക്ക് മദ്യം കയറ്റിവന്ന ലോറികളിലെ ഇതരസംസ്ഥാനക്കാരായ തൊഴിലാളികൾ പ്രാഥമിക സൗകര്യങ്ങളില്ലാതെ നഗരത്തിൽ കുടുങ്ങി. 30 ലോറികളിലായി എത്തിയ 56 തൊഴിലാളികളാണ് ബുദ്ധിമുട്ടുന്നത്. മഹാരാഷ്ട്ര, ആന്ധ്ര, ഗോവ, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് ലോറികൾ എത്തിയത്. ഇവർ ഒരു മാസത്തിലേറെയായി നഗരത്തിൽ തങ്ങുകയാണ്. മൈസൂരിൽ നിന്നെത്തിയ ലോറി ഡ്രൈവർ മഞ്ജുനാഥിന്റെ മുത്തശ്ശി മരണമടഞ്ഞ് ഒരാഴ്ചയായിട്ടും അദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങാനായില്ല. മഞ്ജുനാഥ് ലോറിയുമായി പത്തനംതിട്ടയിലെത്തിയിട്ട് 28 ദിവസമായി.
വെയർഹൗസിംഗ് ഗോഡൗണിൽ ലോഡ് ഇറക്കുന്നതിന്റെ കൂലിയെച്ചൊല്ലി തൊഴിലാളി യൂണിയനുകളും മാനേജുമെന്റുകളും തമ്മിലുണ്ടായ തർക്കത്തിൽ ധാരണയാകാൻ രണ്ടാഴ്ചയോളം വൈകിയതും ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഗോഡൗൺ അടച്ചതും കാരണമാണ് ഇവർ കുടുങ്ങിയത്. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ കൈവശമുണ്ടായിരുന്ന പണവും ഗ്യാസും മണ്ണെണ്ണയും തീർന്നതായി ലോറി ജീവനക്കാരായ കണ്ണൻ, സന്തോഷ് എന്നിവർ പറഞ്ഞു. മുതലാളിമാർ പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചു തരുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് അവർ.
പെട്രോൾ പമ്പുകളിലാണ് ഇവർ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നത്. നഗരത്തിൽ അഴൂർ ഭാഗത്തെ സ്റ്റേഡിയം ഗ്രൗണ്ടിലും വെയർഹൗസിംഗ് ഗോഡൗണുകളിലുമാണ് ലോഡ് ഇറക്കാതെ ലോറികൾ പാർക്ക് ചെയ്യുന്നത്. മദ്യക്കുപ്പികൾ അടങ്ങിയ പാക്കറ്റുകൾ ടാർപ്പാളിൻ കൊണ്ട് മറച്ചുകെട്ടിയിരിക്കുകയാണ്. മോഷണം ഭയന്ന് ലോറികളിൽത്തന്നെ കഴിയുകയാണ് ഇവർ
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന ലോറി ജീവനക്കാരിൽ കൊവിഡ് പരിശോധന നടത്തിയിട്ടുമില്ല. ലോഡുകൾ ഇറക്കി നാടുകളിലേക്ക് ലോറികളുമായി മടങ്ങാൻ തങ്ങളെ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
മദ്യക്കുപ്പികൾ മോഷണം പോയി
വെയർഹൗസ് ഗോഡൗണിന് സമീപം നിറുത്തിയിട്ട ലോറിയിൽ നിന്ന് ഒരു കേസ് ബിയർ മോഷണം പോയതായി ജീവനക്കാർ പറഞ്ഞു. രാത്രിയിൽ തൊഴിലാളികൾ ഡ്രൈവർ കാബിനിൽ ഉറങ്ങിക്കിടന്നപ്പോൾ ലോഡ് പൊതിഞ്ഞു കെട്ടിയിരുന്ന ടാർപ്പാളിൻ കീറിയാണ് പാക്കറ്റുകൾ മോഷ്ടിച്ചത്. പത്തനംതിട്ട പൊലീസിൽ പരാതി നൽകി.