തിരുവല്ല: നിയോജകമണ്ഡലത്തിൽ യു.ഡി.എഫും ബി.ജെ.പിയും ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലും ലീഡ് നേടിയാണ് മാത്യു ടി.തോമസ് ഉജ്ജ്വല വിജയം നേടിയത്. തിരുവല്ല നഗരസഭ ഏറെക്കാലമായി ഭരിക്കുന്നത് യു.ഡി.എഫാണ്. എന്നാൽ നഗരസഭയിൽ മാത്യു ടി. 2480 വോട്ടുകളുടെ ലീഡ് നേടി . 12119 വോട്ടുകൾ നഗരസഭയിൽ ലഭിച്ചു. യു.ഡി.എഫ് ഭരിക്കുന്ന നിരണം, കടപ്ര പഞ്ചായത്തുകളിലും യഥാക്രമം 832, 1023 വോട്ടുകളുടെ ലീഡ് എൽ.ഡി.എഫിന് ലഭിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് പഞ്ചായത്തുകളിലും എൽ.ഡി.എഫ് വൻമുന്നേറ്റമാണ് കാഴ്ചവച്ചത്. അതേസമയം കല്ലൂപ്പാറ, മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളിൽ മാത്യു ടി. പിന്നിലായി. മല്ലപ്പള്ളി - 1265, ആനിക്കാട് - 679, കല്ലൂപ്പാറ - 271 എന്നിങ്ങനെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കുഞ്ഞുകോശി പോളിന് ലീഡ് ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും സ്ഥിതി ഇതായിരുന്നു. ബി.ജെ.പി ഭരിക്കുന്ന കവിയൂർ പഞ്ചായത്തിലും എൽ.ഡി.എഫിന് 1416 വോട്ടിന്റെ ലീഡ് കിട്ടി. മണ്ഡലത്തിലെ 11 പഞ്ചായത്തുകളിൽ മാത്യു ടി.ക്ക് കൂടുതൽ ലീഡ് ലഭിച്ചത് നെടുമ്പ്രം പഞ്ചായത്തിലാണ്. 2149 വോട്ടുകൾ ഇവിടെ ലഭിച്ചു. കുന്നന്താനം, പുറമറ്റം പഞ്ചായത്തുകളിലും എൽ.ഡി.എഫ് ശക്തമായ പ്രകടനമാണ് കാഴ്ചവച്ചത്. ഇവിടെ യഥാക്രമം 1715, 518 വോട്ടുകൾ എൽ.ഡി.എഫിന് ലഭിച്ചു. പെരിങ്ങരയിൽ 1926, കുറ്റൂരിൽ 1627 വോട്ടുകളും ലീഡ് നേടാൻ സാധിച്ചു. തർക്കങ്ങൾ പരിഹരിച്ച് ഐക്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടും യു.ഡി.എഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ടുകൾ പോലും ലഭിക്കാതിരുന്നത് ശ്രദ്ധേയമാണ്. വോട്ട് ചോർച്ച മണ്ഡലത്തിൽ സജീവ ചർച്ചയായിട്ടുണ്ട്. ബി.ജെ.പിയും വളരെ പിന്നിലായി.