congres111

പത്തനംതിട്ട : ജില്ലയിൽ യു.ഡി.എഫിനുണ്ടായ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് കെ.പി.സി.സി നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചതായി ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു. പരാജയം സംഭവിച്ചത് ഡി.സി.സി യുടെ വീഴ്ചകൊണ്ടല്ല. എല്ലാവർക്കും കൂട്ടുത്തരവാദിത്വം ഇക്കാര്യത്തിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ നേതൃത്വം ഉയർന്ന് വരണം. അതിനാണ് രാജി വയ്ക്കുന്നത്. ജില്ലയിൽ ഒറ്റക്കെട്ടായി യു.ഡി.എഫ് നോതാക്കളും പ്രവർത്തകരും പ്രവർത്തിച്ചുവെങ്കിലും ബി.ജെ.പി വോട്ട് മറിച്ചത് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്. പരാജയം വിലയിരുത്തി പരിഹാരം കാണുമെന്നും ശക്തമായ സംഘടനാ സംവിധാനം നിലവിൽ വരാൻ തിരഞ്ഞെടുപ്പ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അടൂർ, റാന്നി നിയോജക മണ്ഡലങ്ങളിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം കുറക്കാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. അഞ്ചു നിയോജകമണ്ഡലത്തിലെ ബി.ജെ.പി യുടെ 50,000 വോട്ടുകളിലാണ് കുറവ് സംഭവിച്ചിട്ടുള്ളത്. ഈ വോട്ടുകൾ എൽ.ഡി.എഫിന് മറിച്ചു നല്‍കിയതിന്റെ വിജയമാണ് ജില്ലയിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.