തിരുവല്ല: ആയുർവേദ ഔഷധങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന ഹെർബൽ ടി പതിവായികുടിക്കുന്നത് രോഗപ്രതിരോധത്തിന് ഏറെ സഹായകരം എന്ന സന്ദേശം ജനങ്ങളിലെത്തിക്കാനും ഇപ്പോൾ പടർന്നുകൊണ്ടിരിക്കുന്ന സാംക്രമിക രോഗങ്ങളെ ചെറുക്കുന്നതിന് സഹായിക്കുന്നതിനുമായി പൊതുജന സഹകരണത്തോടെയുള്ള മിഷൻ ഗുളൂചി പ്രചാരണ പദ്ധതിക്ക് തുടക്കമായി. ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ താലുക്കിലുo ആയുർവേദ ആശുപത്രികളുടെ നേതൃത്വത്തിൽ സൗജന്യ ഔഷധക്കിറ്റ് വിതരണവും പദ്ധതിയിലുണ്ട്. ചിറ്റമൃത് (ഗുളൂചി) - 2 ഇഞ്ച് വീതം 2 വണ്ണമുള്ള കഷ്ണം, ഉണക്ക നെല്ലിക്ക - 5 എണ്ണം, കുരുമുളക് -5 എണ്ണം, ഏലം, ഗ്രാമ്പൂ, കറുവപ്പട്ട -2 വീതം ഇവ ചതച്ച് കിഴികെട്ടി ഒരു ലിറ്റർ വെള്ളത്തിൽ 10 മിനുട്ട് തിളപ്പിച്ച് ചക്കര ചേർത്തോ ചേർക്കാതെയോ 6 പേർക്ക് ഒരു ദിവസത്തേയ്ക്കുള്ള പാനീയം തയാറാക്കാം. തിരുവല്ലയിൽ സുദർശനം ആയുർവേദ ഐ ഹോസ്പിറ്റൽ ആൻഡ് പഞ്ചകർമ്മ സെന്ററിന്റെ നേതൃത്വത്തിൽ മുൻസിപ്പൽ കൗൺസിലർ ജാസ്പോത്തൻ, സേവാഭാരതി തിരുവല്ല, ലയൺസ് ക്ലബ് തിരുവല്ല ടൗൺ, ജെ.സി.ഐ തിരുവല്ല, മാർവെൽസ് ടീം സുദർശനം ഫുട്ബാൾ ക്ലബ് എന്നിവരുടെ സഹകരണത്തോടെയാണ് മിഷൻ ഗുളൂചി നടപ്പാക്കുന്നതെന്ന് ഡോ.ബി.ജി.ഗോകുലൻ അറിയിച്ചു.