ആറന്മുള : സകല കണക്കുകൂട്ടലുകൾക്കും മുകളിൽ ചെങ്കോട്ട കെട്ടിയായിരുന്നു ആറന്മുളയിൽ ഇടതു മുന്നണിയുടെ തേരോട്ടം യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും ശക്തികേന്ദ്രങ്ങളിൽ വരെ മുന്നേറ്റമുണ്ടാക്കിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജ് വിജയംനേടിയത്. വോട്ട് എണ്ണിത്തുടങ്ങിയ ആദ്യ റൗണ്ട് മുതൽ അവസാനം വരെ ഒരേകുതിപ്പായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ എൻ.ഡി.എയുടെ വോട്ടിലും വൻകുറവ് സംഭവിച്ചു. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ വരെ മേൽക്കെനേടിയായിരുന്നു വീണാ ജോർജിന്റെ ജൈത്രയാത്ര. മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലും നഗരസഭയിലും വ്യക്തമായ ഭൂരിപക്ഷം നേടാനായി. മണ്ഡലത്തിലെ 12 പഞ്ചായത്തുകളിൽ അഞ്ച് എൽ.ഡി.എഫ്., അഞ്ച് യു.ഡി.എഫ്., ഒരു ബി.ജെ.പി., ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് നില.
പത്തനംതിട്ട നഗരസഭയിലും എൽ.ഡി.എഫ് വൻ ഭൂരിപക്ഷമാണ് നേടിയത്. ഇത് കോൺഗ്രസ് നേതൃത്വത്തെയും ഞെട്ടിച്ചു. ഇടതുമുന്നണി ഭരിക്കുന്ന ഇരവിപേരൂർ പഞ്ചായത്തിൽ വീണാജോർജിന് 1836 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. യു.ഡി.എഫ്. ഭരിക്കുന്ന കോയിപ്രം പഞ്ചായത്തിൽ 1432 വോട്ടിന് ശിവദാസൻനായർ പിന്നിലായി. എൻ.ഡി.എ., യു.ഡി.എഫ്. അംഗങ്ങളുടെ പിന്തുണയോടെ സി.പി.എം. വിട്ട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച സി.എസ്.ബിനോയി പ്രസിഡന്റും യു.ഡി.എഫ്. വിമതയായി മത്സരിച്ച് വിജയിച്ച ഷെറിൻ വൈസ് പ്രസിഡന്റുമായ തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ ഇതാദ്യമായി എൽ.ഡി.എഫ്. സ്ഥാനാർത്ഥി 1515 വോട്ടിന്റെ ഭൂരിപക്ഷം നേടിയത് യു.ഡി.എഫ്. കേന്ദ്രങ്ങളിൽ പോലും അമ്പരപ്പ് സ്യഷ്ടിച്ചു.
റുക്കടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന് ലഭിച്ച കോഴഞ്ചേരിയിൽ വീണാ ജോർജിന് 608 വോട്ടിന്റെ ലീഡ് നേടാൻ കഴിഞ്ഞു.. എൽ.ഡി.എഫ്.ഭരിക്കുന്ന നാരങ്ങാനം പഞ്ചായത്തിൽ 1798 വോട്ടിന്റെ മേധാവിത്വം നേടി. യു.ഡി.എഫിന് വ്യക്തമായ മേൽക്കൈയിൽ ഭരണം കയ്യാളുന്ന ആറന്മുള പഞ്ചായത്തിൽ വീണാജോർജ് 2000 ലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി. എൽ.ഡി.എഫ്.ഭരിക്കുന്ന മല്ലപ്പുഴശേരിയിലും വ്യക്തമായ ഭൂരിപക്ഷം നേടി. ബി.ജെ.പി.ഭരിക്കുന്ന കുളനട പഞ്ചായത്തിലും വീണാജോർജിന് 1450 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ഇവിടെ വീണാ ജോർജിന് 5979 വോട്ട് ലഭിച്ചപ്പോൾ യു.ഡി.എഫ്. സ്ഥാനാർത്ഥി ശിവദാസൻ നായർ 4529 വോട്ടാണ് നേടിയത്. എൻ.ഡി.എ. സ്ഥാനാർത്ഥി ബിജു മാത്യുവിന് ലഭിച്ചത് 3318 വോട്ടുകൾ മാത്രം. . യു.ഡി.എഫ്. ഭരിക്കുന്ന ഇലന്തൂർ പഞ്ചായത്തിൽ വീണാജോർജ് 1300 ലധികം വോട്ടുകളുടെ ലീഡ് നേടിയപ്പോൾ എൽ.ഡി.എഫ്. നിയന്ത്രണത്തിലുളള ചെന്നീർക്കരയിൽ 1714 വോട്ടിന്റെ മേധാവിത്വം സ്വന്തമാക്കി. സി.പി.എമ്മിന്റെ കോട്ടയെന്നു വിശേഷിപ്പിക്കുന്ന മെഴുവേലിയിലും യു.ഡി.എഫ് ഭരിക്കുന്ന ഓമല്ലൂർ പഞ്ചായത്തിലും വ്യക്തമായ ലീഡ് നേടിയ വീണാജോർജ് പത്തനംതിട്ട നഗരസഭയിൽ 1818 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. നഗരസഭാ ഭരണം നഷ്ടമായാലും ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പിൽ സാധാരണ ഭൂരിപക്ഷം ലഭിക്കുന്ന നഗരസഭയിൽ യു.ഡി.എഫ്. പിന്നിൽ പോയതും ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. .
കെ. ശിവദാസൻ നായർ പിന്നിൽ
ആറന്മുള പഞ്ചായത്തിലും സ്വന്തം ബൂത്തിലും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ശിവദാസൻ നായർ പിന്നിലായി. പഞ്ചായത്തിൽ ആകെ പോൾ ചെയ്ത വോട്ടുകളിൽ 7577 എൽ.ഡി.എഫിനും 5529 വോട്ടുകൾ യു.ഡി.എഫിനും ലഭിച്ചു. സ്വന്തം ബൂത്തിൽ 210 വോട്ടുകൾ നേടി ബി.ജെ.പിയാണ് ഒന്നാമതെത്തിയത്. ആറന്മുള പഞ്ചായത്തിൽ 2048 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽ.ഡി.എഫ് നേടിയത്.