പന്തളം: നഗരസഭയിൽ ഫയലുകൾ സൂക്ഷിച്ചിട്ടുള്ള അലമാരകളും കസേരകളും മേശകളും താൻ അറിയാതെ മാറ്റിയതായി സെക്രട്ടറിയുടെ ചുമതലയുള്ള സൂപ്രണ്ട്, നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർക്കും പന്തളം പൊലീസിലും പരാതി നൽകി. ചൊവ്വാഴ്ച രാവിലെ ഓഫീസിലെത്തിയപ്പോഴാണ് സെക്രട്ടറിയുടെ ഓഫീസുൾപ്പെടെയുള്ള സ്ഥലങ്ങളിൽ മാറ്റംവരുത്തിയതായി കണ്ടത്. ഇക്കാര്യം ഉദ്യോഗസ്ഥരെയോ തന്നെയോ അറിയിച്ചിരുന്നില്ലെന്ന് സൂപ്രണ്ട് രേഖ പറഞ്ഞു.
മൂന്നാം തീയതി വൈകിട്ട് ഓഫീസ്‌സമയം കഴിഞ്ഞ് ജീവനക്കാരും കൗൺസിലർമാരും പോയതിനു ശേഷമാണ് ചെയർപേഴ്‌സണും ബി.ജെ.പി. കൗൺസിലർമാരും ചേർന്ന് ഓഫീസിൽ മാറ്റംവരുത്തിയത്. പ്രധാന്യമുള്ള റവന്യൂ രേഖകൾ, പെൻഷൻ രേഖകൾ, മുൻസിപ്പൽ കമ്മിറ്റി രേഖകൾ എന്നീ ഫയലുകൾ സ്ഥലം മാറ്റപ്പെട്ട അവസ്ഥയിലായിരുന്നു. അലങ്കോലപ്പെട്ട ഓഫീസ് കണ്ട ജീവനക്കാർ സൂപ്രണ്ടിനോട് പരാതിപ്പെട്ടു.
ഭരണകക്ഷി കൗൺസിലർമാർ ഉദ്യോഗസ്ഥരുമായി ആലോചിക്കാതെ ഓഫീസിൽ വരുത്തിയ മാറ്റത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങളും രംഗത്തെത്തി. ഭരണപ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്കേറ്റവും നടന്നു. സി.ഐ. എത്തിയാണ് രംഗം ശാന്തമാക്കിയത്.
നഗരസഭയിൽ പുതിയതായി നിയമിതയായ ടൈപ്പിസ്റ്റ് ക്ലർക്കിന് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നഗരസഭയിൽ ജീവനക്കാർ പ്രതിഷേധിച്ചിരുന്നു.താത്കാലിക ജീവനക്കാരിയെ ഒഴിവാക്കി പുതിയതായി എത്തിയ ഉദ്യോഗസ്ഥയ്ക്ക് സീറ്റു നൽകണമെന്ന സെക്രട്ടറിയുടെ ആവശ്യം ഭരണ സമിതി അംഗീകരിച്ചിരുന്നില്ല. തുടർന്നാണ് ചൊവ്വാഴ്ച ഓഫീസിൽ മാറ്റം വരുത്തിയത്.
അതേസമയം വരാനിരിക്കുന്ന പദ്ധതി രൂപീകരണം അട്ടിമറിക്കാനായി പ്രതിപക്ഷ കൗൺസിലർമാർ നടത്തുന്ന വിവാദങ്ങളാണ് ഇവയെന്നും പുതിയതായി എത്തിയ ജീവനക്കാരിക്ക് ഉചിതമായ ഇരിപ്പിടം ഒരുക്കുക മാത്രമാണ് ചെയ്തതെന്നും ചെയർപേഴ്‌സൺ സുശീലാ സന്തോഷ് പറഞ്ഞു.