അടൂർ : വിവാദങ്ങൾക്കിടെ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ ജില്ലാ ഓഫീസ് അടൂരിൽ ഇന്നലെ പ്രവർത്തനം ആരംഭിച്ചു. ഹൈസ്കൂൾ ജംഗ്ഷനിലുള്ള കെ.ഐ.പിയുടെ ക്വാർട്ടേഴ്സും മെയിന്റനൻസ് വിഭാഗവും പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗത്താണ് വിശാലമായ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. 2012 വരെ അടൂർ റവന്യൂ ടവറിൽ പ്രവർത്തിച്ചുവന്ന ഓഫീസ് പിന്നീട് ആറന്മുളയിലെ മിനിസിവിൽ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഇൻഡസ്ട്രിയൽ വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഇന്നലെ അടൂരിൽ പ്രവർത്തനം തുടങ്ങിയത്. ആറന്മുളയിലെ പ്രവർത്തിച്ചിരുന്ന ഓഫീസ് അടൂരിലേക്ക് മാറ്റാൻ മാർച്ച് 19 നാണ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ ഉത്തരവ് നൽകിയത്. ഓഫീസ് മാറ്റത്തിന്റെ ഭാഗമായി ഫയലുകൾ അടൂരിലേക്ക് കൊണ്ടുവന്നെങ്കിലും 24 ന് രാത്രിയിൽ ഫർണിച്ചർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ അടൂരിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ വീണാ ജോർജ്ജ് എം.എൽ.എ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് ഉപകരണങ്ങൾ മാറ്റാൻ കഴിഞ്ഞില്ല. ഓഫീസ് മാറ്റം അറിയാതെ നിരവധിപ്പേരാണ് അനുമതികൾ തേടി കഴിഞ്ഞ ഒരാഴ്ചയിലേറെ വലഞ്ഞത്. ഇതിനെ തു‌ടർന്നാണ് ഘട്ടം ട്ടഘമായി ഫയലുകൾ അടൂരിലേക്ക് മാറ്റിയത്. ഫർണിച്ചറുകൾ മാറ്റുന്നതിനുള്ള ശ്രമത്തിനിടെയാണ് പ്രതിഷേധം ഉയർന്നത്. ഇതിനെ തുടർന്ന്റിട്ട.എസ്. ഐ.യും സി.പി.എം മാമ്മൂട് ബ്രാഞ്ച് കമ്മിറ്റിയംഗവും ഇ.കെ.നായനാർ പാലിയേറ്റീവ് കെയർ സെന്റർ പ്രസിഡന്റുമായ ആനന്ദപ്പള്ളി മാമ്മൂട് കോട്ടയ്ക്കകത്ത് വീട്ടിൽ വി.അശോക് കുമാർ ഓഫീസ് അടൂരിലേക്ക് മാറ്റമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഓഫീസ് ആറന്മുളയിൽത്തന്നെ നിലനിറുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷനും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമായ ആർ. അജയകുമാർ മറ്റൊരു ഹർജിയും ഫയൽ ചെയ്തിരുന്നു. ഇത് സംബന്ധിച്ച കേസിൽ വാദം കേൾക്കാനായി കേസ് മാറ്റിവെച്ചതിനിടയാണ് ഇന്നലെ നാടകീയമായി ഓഫീസ് അടൂരിൽ പ്രവർത്തിച്ചു തുടങ്ങിയത്.