മല്ലപ്പള്ളി : നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുന്നണികളുടെ കൂട്ടിക്കിഴിക്കലുകൾ തകൃതിയായി നടക്കുകയാണ്. പഴയ കല്ലൂപ്പാറ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടതും ഇപ്പോൾ തിരുവല്ല, റാന്നി നിയോജക മണ്ഡലങ്ങളിൽ വ്യാപിച്ചുകിടക്കുന്ന മല്ലപ്പള്ളി താലൂക്കിൽ ഇരുമുന്നണികളും തുല്യശക്തികളാണെന്ന് വിലയിരുത്തപ്പെടുന്നു. റാന്നി നിയോജക മണ്ഡലത്തിൽപെട്ട എഴുമറ്റൂർ (ഭൂരിപക്ഷം-567), കൊറ്റനാട് (ഭൂരിപക്ഷം-11), കോട്ടാങ്ങൽ (ഭൂരിപക്ഷം-959) പഞ്ചായത്തുകൾ എൽ.ഡി.എഫ് ആണ് അധികാരത്തിലുള്ളത് ഇവിടെ എൽ.ഡി.എഫിന് പോസ്റ്റൽ വോട്ടുകൾ കൂടാതെ 1515 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. എന്നാൽ മല്ലപ്പള്ളിയിലെ കണക്കുകളിലെ അന്തരം വെറും 18 വോട്ടുകൾ മാത്രമാണ്. ഇവിടെയുള്ള അഞ്ച് പഞ്ചായത്തുകളിൽ ആനിക്കാട് (ഭൂരിപക്ഷം-679), കല്ലൂപ്പാറ (ഭൂരിപക്ഷം-271), മല്ലപ്പള്ളി (ഭൂരിപക്ഷം-1265) എന്നിവ യു.ഡി.എഫ് ഭരിക്കുന്നു. കുന്നന്താനം (ഭൂരിപക്ഷം-1715), പുറമറ്റം (ഭൂരിപക്ഷം-518) പഞ്ചായത്തുകൾ എൽ.ഡി.എഫും ഭരിക്കുന്നു. ഈ അഞ്ച് പഞ്ചായത്തുകളിലെ കണക്കുകളിലാണ് ഇരുമുന്നണികളും തമ്മിലുള്ള അന്തരം നേർത്തതാണെന്ന് തിരിച്ചറിയുന്നത്. ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ മേൽക്കൈ ഉണ്ടായിട്ടും നിയമസഭ തിരഞ്ഞെടുപ്പിൽ അത് 18ൽ ഒതുങ്ങിയത് എങ്ങനെയെന്ന് ഇരുമുന്നണികളിലെ ഘടകകക്ഷികൾപോലും ചോദിക്കുന്നു. തൊഴുത്തിൽകുത്തും അരാഷ്ട്രീയ അന്തർധാരകളും മുന്നണികൾ തമ്മിൽ ഉണ്ടായിട്ടുണ്ടെന്ന് കണക്കുകൾ നിരത്തി പലരും സമർത്ഥിക്കുന്നുണ്ടെങ്കിലും വൃക്തതവരുത്താൻ ബുത്തുതലത്തിലുള്ള കണക്കെടുപ്പുകൾ കഴിഞ്ഞാൽ മാത്രമെ വൃക്തമാകു എന്ന് നേതാക്കൾ പറയുന്നു. അതേ സമയം മല്ലപ്പള്ളിയിൽ കുഞ്ഞുകോശി പോളിന്റെ പോളിംഗ് ബൂത്ത് ഉൾപ്പെടെയുള്ള ബൂത്തുകളിൽ എൽ.ഡി.എഫ് പ്രവർത്തകരും അനുഭാവികളും യു.ഡി.എഫിന് അനുകൂലമായി വോട്ടുരേഖപ്പെടുത്തിയതായി ആക്ഷേപമുണ്ട്.