അടൂർ : അടൂരിലെ ജനങ്ങൾ ഹാട്രിക് വിജയം സമ്മാനിച്ചതിന്റെ സംതൃപ്തിയിലാണ് ചിറ്റയം ഗോപകുമാർ. അടൂരിലെ ജനങ്ങൾ തന്നോടൊപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേറ്റില്ല. വികസന പ്രവർത്തനങ്ങൾക്ക് നൽകിയ അംഗീകാരമായി ഈ ജനവിധിയെ കാണു‌ന്നെന്നും ചിറ്റയം ഗോപകുമാർ എം.എൽ.എ കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇടതു തരംഗത്തിലും എന്താണ് ഭൂരിപക്ഷത്തിൽ കുറവുണ്ടായത് ?

ബി.ജെ.പി വോട്ടുകൾ ഇക്കുറി യു.ഡി.എഫിന് മറിച്ചു നൽകി. കഴിഞ്ഞ അസംബ്ളി തിരഞ്ഞെടുപ്പിൽ 25,940 വോട്ടും 2018 ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ 51,260 വോട്ടും ലഭിച്ച മണ്ഡലത്തിൽ ഇക്കുറി ലഭിച്ചത് 23,980 വോട്ടാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ബി.ജെ.പിക്കുണ്ടായ വളർച്ച കണക്കാക്കിയാൽ ഏറ്റവും കുറഞ്ഞത് 35,000 വോട്ടുകളെങ്കിലും ലഭിക്കണമായിരുന്നു. അത് ഉണ്ടായില്ലെന്ന് മാത്രമല്ല വോട്ടിൽ കുറവാണുണ്ടായത്. പഴയ സംഘപരിവാറുകാരനായ യു.ഡി എഫ് സ്ഥാനാർത്ഥിക്ക് ബി.ജെ.പി വോട്ടുകൾ മറിച്ചു എന്നതിൽ സംശയംവേണ്ട. ഒപ്പം യു.ഡി. എഫ് സ്ഥാനാർത്ഥി സഹതാപ തരംഗം സൃഷ്ടിച്ച് വോട്ട് സമാഹരണം നടത്തി. ഈ പ്രതികൂല സാഹചര്യത്തിലും അടൂരിലെ വോട്ടർമാർ തന്നോടൊപ്പം നിന്നു.

വികസന കാഴ്ചപ്പാടുകൾ?

തുടങ്ങിവെച്ച പദ്ധതികളുടെ പൂർത്തീകരണത്തിന് പ്രാമുഖ്യം നൽകും. മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനാകും മുന്തിയ പരിഗണന. ഉദ്യോഗസ്ഥ തലങ്ങളിലെ മെല്ലപ്പോക്ക് ഇനിയും വെച്ചുപൊറുപ്പിക്കില്ല. മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള നടപടിസ്വീകരിക്കും. തിരഞ്ഞെടുപ്പിന് മുൻപ് അദാലത്ത് ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഇത് ഫലപ്രാപ്തിയിൽ എത്തിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകും. ഒപ്പം റോഡുകൾ മുഴുവൻ ബി.ആൻഡ് ബി.സി നിലവാരത്തിൽ ടാർചെയ്ത് സഞ്ചാരയോഗ്യമാക്കും. കാർഷി മേഖലയ്ക്കും അനുബന്ധ മേഖലയ്ക്കും ഊന്നൽ നൽകും. നെല്ല്, പച്ചക്കറി ഉൽപ്പാദനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. കലാ സാംസ്ക്കാരിക മേഖലകളിൽ ജില്ലയ്ക്ക് എന്നും അഭിമാനമാണ് അടൂർ. ആ പാരമ്പര്യം ഉൾക്കൊണ്ട് അടൂരിൽ സാംസ്ക്കാരിക സമുശ്ചയം എന്ന ആശയം യാഥാർത്ഥ്യമാക്കും. എൽ. ഡി.എഫിന്റെ പരമ്പരാഗത വോട്ട് ലഭിച്ചു എന്നുതന്നെയാണ് വിശ്വാസം. എങ്കിലും ഇത് സംബന്ധിച്ച് ബൂത്ത് തലത്തിലുള്ള കണക്കെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. പുതിയ മന്ത്രി സഭയിലേക്കുള്ള സാദ്ധ്യത തീരുമാനിക്കുന്നത് പാർട്ടി സ്റ്റേറ്റ് സെന്ററാണ്. മറിച്ചുള്ളതെല്ലാം വെറും ഊഹാപോഹങ്ങളാണ്.