thiruneni

പത്തനംതിട്ട: ചൊവ്വാഴ്ച ഉച്ചയോടെ തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ നിന്ന് കുമ്പനാട് ഫെല്ലോഷിപ്പ് ആശുപത്രിയിൽ മടങ്ങിയെത്തിയ ഡോ. ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് ഉച്ചഭക്ഷണത്തിന് ഇഷ്ട വിഭവങ്ങളായ മീൻകറിയും മീൻ വറുത്തതുമുണ്ടായിരുന്നു. ആശുപത്രി അഡ്മിനിസ്ട്രേറ്റർ റവ. തോമസ് ജോണിന്റെ വീട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്നതാണ്. കൂട്ടത്തിൽ മാമ്പഴവുമുണ്ടായിരുന്നു. ക്രിസോസ്റ്റം വിശ്രമത്തിന് പോകുന്നതിന് മുൻപ് അൽപ്പം മാമ്പഴം കൊണ്ടുവരട്ടെയെന്ന് അവിടെയുണ്ടായിരുന്ന ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പയും റവ.തോമസ് ജോണും ചോദിച്ചു. ആവാം എന്ന് വലിയ തിരുമേനി പതിയെ തലയാട്ടി. ഒരു ചെറിയ പൂള് മാമ്പഴം കഴിച്ചു. അതായിരുന്നു അവസാന ഭക്ഷണം. തുടർന്ന് വൈകുന്നേരം വരെ ശാന്തമായി ഉറങ്ങി. ഉണർന്ന ശേഷം രാത്രി ഏഴരയോടെ വീണ്ടും കിടന്നു. രാത്രി പത്ത് മണിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാവുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ മാർത്തോമ മെത്രാപ്പൊലീത്ത ഡോ. തിയോഡോഷ്യസിനെയും തോമസ് മാർ തിമോത്തിയോസിനെയും വിവരം അറിയിച്ചു. ഇരുവരും എത്തി തൈലാഭിഷേകം നടത്തി. ഇന്നലെ പുലർച്ചെ 1.15നാണ് വലിയ മെത്രാപ്പൊലീത്ത അന്ത്യശ്വാസം വലിച്ചത്.

ഇക്കഴിഞ്ഞ 26നാണ് ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. സ്വകാര്യ ലാബിൽ സ്രവം പരിശോധിച്ചപ്പോൾ കൊവിഡ് ആണെന്ന് അറിയിച്ചു. പിന്നീട് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിട‌െ നടത്തിയ ആന്റിജൻ പരിശോധനയിൽ കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. 27ന് 1 04ാം ജൻമദിനം ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ ആഘോഷിച്ചു. ഡോ. തിയോഡോഷ്യസ് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ കുർബാന നടത്തി. പിറന്നാളപ്പം മുറിച്ച് പങ്ക് വച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്നാണ് കുമ്പനാട് ആശുപത്രിയിൽ തിരികെയെത്തിയത്.