മാരാമൺ: ജാതിമത ചിന്തകൾക്കതീതമായ സാമൂഹിക വളർച്ച മാർ ക്രിസോസ്റ്റത്തിൻ്റെ കാഴ്ചപ്പാടായിരുന്നു, അദ്ദേഹത്തിൻ്റെ അന്ത്യം വരെയും. പള്ളികളിൽ പ്രസംഗിക്കാൻ പോയപ്പോഴെല്ലാം അദ്ദേഹത്തിൻ്റെ സ്വപ്നവും ദർശനങ്ങളും ആ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാമായിരുന്നു. ആരാധന കഴിഞ്ഞാലുടൻ ദേവാലയങ്ങളിൽ നിന്ന് ആളുകൾ സ്ഥലം കാലിയാക്കുന്ന പ്രവണത മാറ്റണമെന്നായിരുന്നു ഇക്കാര്യത്തിൽ അദ്ദേഹത്തിൻ്റെ ആദ്യ ആവശ്യം. ' നാം എല്ലാവരുമായും ഇടപഴകാൻ ശ്രമിക്കണം. അതിൽ നിന്നാണ് നല്ല സമൂഹം ഉണ്ടാകുന്നത്. " തിരുമേനിയുടെ വീക്ഷണം ഇതായിരുന്നു. പള്ളികളിൽ ആരാധന കഴിഞ്ഞ് എല്ലാവരും ചായയും ബിസ്ക്കറ്റും കഴിച്ചിട്ടേ പോകാവൂ എന്ന് ഒരിക്കൽ ക്രിസോസ്റ്റം പറഞ്ഞു. ചായ കുടിക്കുന്ന സമയത്തെങ്കിലും ആളുകൾ പരസ്പരം സംസാരിക്കട്ടെ എന്ന് കരുതിയാണ് അദ്ദേഹം അത് പറഞ്ഞത്. അതു ഫലിക്കുകയും ചെയ്തു. പണം ഉണ്ടാകുന്നതു കൊണ്ട് സന്തോഷം ലഭിക്കണമെന്നില്ല. ഇതിന് ഉദാഹരണമായി തിരുമേനി ഒരു കഥ പറഞ്ഞു. ഒരിടത്ത് ഒരു ആശുപത്രിയിൽ ഏതു സമയവും സേവന സന്നദ്ധനായ ഒരു ഡോക്ടറുണ്ടായിരുന്നു. ഏത് അത്യാഹിതം വന്നാലും ഇദ്ദേഹം ഉടൻ ചികിത്സ തുടങ്ങും. ഒരു ദിവസം വലിയ അപകടത്തെ തുടർന്ന് കുറെപ്പേരെ ആശുപത്രിയിൽ കൊണ്ടുവന്നു. ഡോക്ടർ മുൻകൈയെടുത്തു പരുക്ക് പറ്റിയവരുടെ കാലുകളിലെ മുറിവുകളെല്ലാം തുന്നി കെട്ടി മുകളിലേക്ക് ചെന്നപ്പോഴാണ് ചിലർക്ക് തലയില്ലെന്ന് അറിയുന്നത്. തലയുണ്ടോയെന്നു നോക്കിയിട്ടു വേണം നമ്മുടെ ശുശ്രൂഷകൾ ആരംഭിക്കേണ്ടത്. പൂർണതയെത്താത്ത ശൂശ്രൂഷകളും അവാർഡ് ദാനവുമൊക്കെ ഈ വിധമാണ് നടക്കുന്നതെന്ന് ഓർമ്മപ്പെടുത്തുന്നതായി ക്രിസോസ്റ്റത്തിൻ്റെ ഈ വാക്കുകൾ. ആരോടും ഒന്നും മിണ്ടാതെയും പറയാതെയും ഫ്ളാറ്റ് സംസ്കാരത്തിലേക്ക് ജീവിതത്തെ പറിച്ചു നട്ട മലയാളിയുടെ നവയുഗ ലോക ജീവിതത്തിന് നേരെ നേരത്തെ തന്നെ വാക്കും നോട്ടവുമെറിഞ്ഞ് വിലക്കിയതായിരുന്നു ആ വലിയ ഇടയൻ