മല്ലപ്പള്ളി : സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും മല്ലപ്പള്ളിയിൽ കൊവിഡ് വ്യാപനത്തിന് കുറവില്ല. അതിതീവ്ര വ്യാപനമുള്ള ആനിക്കാട്, മല്ലപ്പള്ളി, കുന്നന്താനം പഞ്ചായത്തുകളിൽ 144 പ്രകാരം നിരോധനാജ്ഞയും ലോക്ഡൗണും നിലനിൽക്കുമ്പോളും താലൂക്കിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുകയാണ്. താലൂക്ക് പരിധിയിലുള്ള പഞ്ചായത്തുകളായ മല്ലപ്പള്ളി (49), ആനിക്കാട് (40), കുന്നന്താനം (30), കോട്ടാങ്ങൽ (27), എഴുമറ്റൂർ (25), കല്ലൂപ്പാറ (24), കൊറ്റനാട് (15), പുറമറ്റം (14), എന്നിവിടങ്ങളിൽ ഇന്നലെ മാത്രം 224 പേർക്ക് രോഗം പോസിറ്റിവ് ആയിട്ടുണ്ട്. ജില്ലയിൽ ആകെയുള്ള 57 തദ്ദേശസ്ഥാപനങ്ങളിൽ 1282 ആളുകൾക്ക് രോഗം ബാധിച്ചപ്പോൾ മല്ലപ്പള്ളി താലൂക്കിലെഎട്ട് പഞ്ചായത്തുകളിൽ മാത്രം 224 ആളുകൾക്ക് പുതുതായി കൊവിഡ് പോസിറ്റീവ് ആയതിനാൽ അതിജാഗ്രതാ നിർദ്ദേശവും നടപടികളും സ്വീകരിക്കണമെന്നുള്ള ആവശ്യം ശക്തമായിരിക്കയാണ്. ഇതിനിടെ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് ജനങ്ങൾ അനാവശ്യമായി പൊതുനിരത്തുകളിൽ എത്തുന്നതായി സൂചനയുണ്ടെന്നും വരുംദിവസങ്ങളിൽ കർശന നടപടികൾ സ്വീകരിക്കുമെന്നും മല്ലപ്പള്ളി ഇൻസ്‌പെക്ടർ ഓഫ് പൊലീസ് സി.ടി.സജ്ഞയ് അറിയിച്ചു.