പത്തനംതിട്ട: ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷം. ജില്ല ഗുരുതര പ്രതിസന്ധിയിലേക്ക്. പ്രവർത്തനം നിറുത്തി വെക്കേണ്ട സാഹചര്യമെന്ന് സ്വകാര്യ ആശുപത്രി ഉടമകൾ പറയുന്നു. ജില്ലയിൽ പ്രധാനമായും മൈലപ്ര, തിരുവല്ല എന്നിവിടങ്ങളിലുള്ള രണ്ട് സ്വകാര്യകമ്പനികളാണ് ഓക്‌സിജൻ വിതരണം ചെയ്യുന്നത്. സ്വകാര്യ ആശുപത്രികൾക്ക് ഓക്‌സിജൻ നൽകുന്നത് നിറുത്തിവെക്കാൻ കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും നിർദ്ദേശം നൽകുകയും സിലിണ്ടറുകൾ പിടിച്ചെടുത്ത് സർക്കാർ ആശുപത്രികളിൽ സ്റ്റോക്ക് ചെയ്യുകയും ചെയ്തു. പിടിച്ചെടുത്ത ഓക്‌സിജൻ സിലിണ്ടറുകൾ ജില്ലയിലെ വാർ റൂമുകളിലേക്ക് മാറ്റി. ഓക്‌സിജൻ ലഭ്യത കുറവുള്ള സർക്കാർ ആശുപത്രികൾക്ക് നൽകാൻ വേണ്ടിയാണ് ഇത്. ഇപ്പോൾ സ്വകാര്യ ആശുപത്രികിൽ ചികിത്സയിലുള്ളവർക്ക് ഓക്‌സിജൻ ലഭ്യമല്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ രാത്രി ചില ആശുപതികൾ ഓക്‌സിജൻ സിലിണ്ടറിന് നെട്ടോട്ടമോടേണ്ട സാഹചര്യമുണ്ടായതോടെയാണ് സംഭവം പുറത്തറിയുന്നത്.
60 സിലിണ്ടർ ഓക്സിജൻ വേണ്ടിടത്ത് ലഭിച്ചത് 14 എണ്ണം
പത്തനംതിട്ട, തിരുവല്ല, പരുമല ,കോഴഞ്ചേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഈ ആശുപത്രികളിൽ എല്ലാം കൊവിഡ് രോഗികൾക്കായുള്ള ചികിത്സയുമുണ്ട്. മറ്റ് രോഗികളിലും അടിയന്തരമായി ഓക്‌സിജൻ വേണ്ടവർ ഉണ്ട്. ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ നടപടിക്കായി ആശുപത്രി അധികൃതർ ജില്ലാ കളക്ടറെ വിവരം അറിയിച്ചിട്ടുണ്ട്. ഉടൻ പ്രശ്‌നം പരിഹരിക്കാമെന്ന് കളക്ടർ ആശുപത്രി അധികൃതരെ അറിയിക്കുകയും ചെയ്തു. പത്തനംതിട്ടയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം 14 ഓക്‌സിജൻ സിലിണ്ടറുകളാണ് ലഭിച്ചത്. ദിവസം അറുപതോളം സിലിണ്ടറുകൾ വേണ്ടിടത്താണ് ഇത്രയും ലഭിച്ചത്. ഐ.പി യിൽ 85 രോഗികളിലധികമുണ്ട്. ഇതിൽ കൊവിഡ് രോഗികളായി 35 പേരുണ്ട് . ഭൂരിഭാഗം രോഗികൾക്കും ഓക്‌സിജൻ വേണ്ടവരാണ് .ഒരു രോഗിക്ക് മിനിട്ടിൽ 30 ലിറ്റർ ഓക്‌സിജനാണ് വേണ്ടി വരുന്നത്.
രോഗികളെ പ്രവേശിപ്പിക്കാൻ മടിച്ച് ആശുപത്രികൾ
ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് ഗുരുതര രോഗങ്ങളുമായി വരുന്ന രോഗികളെയും പ്രവേശിപ്പിക്കുവാൻ മടിക്കുകയാണ് ആശുപത്രികൾ .
ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ച് ഉയരുകയാണ്. മരണസംഖ്യയും ഉയർന്നു. ദിവസം രണ്ട് മുതൽ പത്തിലധികം മരണം ജില്ലയിൽ രേഖപ്പെടുത്തേണ്ടി വരുന്നുണ്ട് .
-സർക്കാർ ആശുപത്രികളിൽ ആകെ 58 വെന്റിലേറ്റർ ബെഡുകൾ ആണുള്ളത്. ഇതിൽ15 എണ്ണത്തിലും കൊവിഡ് രോഗികളുണ്ട്. ഇത് കൂടാതെ കാർഡിയാക് വെന്റിലേറ്റർ 8 എണ്ണവും മറ്റ് രോഗങ്ങൾക്ക് നാലെണ്ണവും ഉണ്ട്.
-സ്വകാര്യ ആശുപത്രിക്കിൽ 60 വെന്റിലേറ്ററു കളാണുള്ളത്. ഇതിൽ 35 എണ്ണത്തിൽ കൊവിഡ് രോഗികൾ ഉണ്ട്.
-ഒരു മിനിട്ടിൽ ഒരു രോഗിക്ക് 30 ലിറ്റർ ഓക്സിജൻ