ചെങ്ങന്നൂർ : കൊവിഡ് വാക്‌സിനേഷൻ നഗരസഭയിലെ മൂന്ന് കേന്ദ്രങ്ങളിൽ ആരംഭിക്കുന്നതിന് തീരുമാനിച്ചു. നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ നഗരസഭയിൽ നടന്ന കൊവിഡ് നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം. മുക്കത്ത് കുടുംബയോഗം, ഐ.എച്ച്.ആർ.ഡി കോളേജ്, മംഗലം മാർത്തോമ പളളി ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ജില്ലാ ആശുപത്രിയിൽ നിലവിലെ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയുന്നതിനാൽ വാക്‌സിനേഷൻ കേന്ദ്രം നിറുത്തുന്നതിനാലാണ് പുതിയ കേന്ദ്രങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചത്. വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് ആരോഗ്യവകുപ്പിൽ നിന്നുളള അറിയിപ്പ് ലഭിച്ച ശേഷം ഈ സെന്ററുകളുടെ പ്രവർത്തനം ആരംഭിക്കും. പുത്തൻകാവിൽ ആരംഭിച്ച കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർ നിയോഗിച്ച 9 അദ്ധ്യാപകരെ വാർഡുതല ജാഗ്രതാ സമിതിയുടെ മേൽനോട്ടം വഹിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി നിയോഗിച്ചു. വാർറൂം, ഹെൽപ് ഡെസ്‌ക് ആരംഭിക്കുന്നതിനും ഇതിലേക്ക് അങ്കണവാടി ജീവനക്കാരെ നിയമിക്കുന്നതിനും യോഗം തീരുമാനിച്ചു. ഹെൽപ് ഡെസ്‌ക് നമ്പർ 6235435260. നഗരസഭാ പ്രദേശത്ത് ബോധവൽക്കരണത്തിന്റെ ഭാഗമായി മൈക്ക് അനൗൺസ്‌മെന്റ്, നോട്ടീസ് വിതരണം എന്നിവ നടത്തുന്നതിനും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് പരിശോധന ഊർജ്ജിതമാക്കുന്നതിനും സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താനും യോഗത്തിൽ തീരുമാനമായി.