വി കോട്ടയം: ഡോ.ഫലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ തിരുമേനിയുടെ 92ാം ജൻമദിനത്തിന് അന്ന് വി കോട്ടയത്ത് പോസ്റ്റുമാനായിരുന്ന കെ.എസ് ബിജു ഒരു ആശംസക്കത്ത് അയച്ചു. അതിന് ക്രിസോസ്റ്റം അയച്ച മറുപടിക്കത്ത് 12 വർഷം കഴിഞ്ഞിട്ടും തന്റെ ശേഖരത്തിലെ വിലപ്പെട്ട ഇനമായി സൂക്ഷിച്ചിരിക്കുകയാണ് ബിജു. ചിരിയും ചിന്തയും കലർന്നതായിരുന്നു ക്രിസോസ്റ്റത്തിന്റെ വരികൾ. ബിജുവിന് ക്രിസോസ്റ്റം പോസ്റ്റൽ ആയി അയച്ച കത്തിൽ ഇങ്ങനെ പറയുന്നു: 'എല്ലാവർക്കും എഴുത്തു നൽകുന്ന അങ്ങയാൽ എനിക്ക് ഒരു എഴുത്ത് ലഭിച്ചതിൽ വലിയ സന്തോഷം. വിദൂരതയിലുള്ളവരുടെ വാർത്തകൾ അടുത്തുകൊണ്ടുവരുന്ന പ്രാചീന ടെലിസ്കോപ്പ് ആണല്ലോ പോസ്റ്റുമാൻ. കല്യാണം ഉറച്ച യുവതിക്ക് പോസ്റ്റുമാൻ കല്യാണം കഴിക്കാൻ പോകുന്ന വരന്റെ കത്ത് നൽകിക്കൊണ്ടിരുന്നു. എഴുത്ത് കൊടുക്കുമ്പോഴും വാങ്ങുമ്പോഴും അവരിലുളവായ സ്നേഹം വളർന്നു. അവർ തമ്മിൽ വിവാഹം കഴിച്ചതായി ഞാൻ കേട്ടിട്ടുണ്ട്. നമ്മുടെ സ്നേഹവും വളരട്ടെ, വർദ്ധിക്കട്ടെ.'
പോസ്റ്റുമാനായിരുന്ന വള്ളിക്കോട് സാന്ദ്രം വീട്ടിൽ ബിജു ഇപ്പോൾ പത്തനംതിട്ടയിലെ ഹെഡ് പോസ്റ്റുമാനാണ്.