cc

രോഗികൾ കൂടി, ആശുപത്രികൾ നിറയുന്നു

പത്തനംതിട്ട : കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ഇനിയുള്ള ദിവസങ്ങൾ നിർണായകം. ദിവസവും ആയിരത്തിലേറെ രോഗികളുള്ള ജില്ലയിൽ ഇപ്പോൾത്തന്നെ ആശുപത്രികളിലെ ഐ.സി.യുകളും വെന്റിലേറ്ററുകളും പകുതിയോളം നിറഞ്ഞു. ഇത് തുടർന്നാൽ

കാര്യങ്ങൾ നിയന്ത്രണാതീതമാകും.

വീട്ടിൽ ഒരാൾ രോഗബാധിതനായാൽ കുടുംബത്തിലുള്ള എല്ലാ അംഗങ്ങളിലേക്കും രോഗവ്യാപനം ഉണ്ടാകുന്ന അവസ്ഥയാണ് ക്വാറന്റൈൻ നിർദ്ദേശങ്ങളടക്കമുള്ളവയിൽ വരുന്ന പാളിച്ചയും രോഗവ്യാപനത്തിന്റെ വേഗതയുമാണ് കാരണം. ദിവസവും 10 മരണങ്ങൾ വരെ ഉണ്ടാകുന്നുണ്ട്. കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ രോഗപ്പകർച്ചയും മരണങ്ങളും നിയന്ത്രിച്ചു നിറുത്താൻ കഴിഞ്ഞെങ്കിലും രണ്ടാം ഘട്ടത്തിൽ രോഗ തീവ്രത വളരെ കൂടുതലാണ്. 50 ശതമാനം പേരിലും രോഗം വീടുകളിൽ നിന്നു തന്നെയാണ് പകരുന്നത്.

ശ്രദ്ധിക്കേണ്ടത്

1. കുടുംബത്തിൽ ആർക്കെങ്കിലും രോഗലക്ഷണം ഉണ്ടെങ്കിൽ ഉടൻതന്നെ ആർ.ടി.പി.സി.ആർ പരിശോധനയ്ക്കു വിധേയരാകണം. രോഗം ഗുരുതരമാകുന്നതുവരെ പരിശോധനയ്ക്കായി കാത്തിരിക്കുന്നതും ഈ സമയത്ത് കുടുംബാഗങ്ങളുമായി ഇടപഴകുന്നതും അപകടകരമാണ്.

2. നിർദ്ദേശിച്ചിട്ടുള്ള എല്ലാവരും റൂം ക്വാറന്റൈൻ പാലിക്കണം

3. ഈ കാലയളവിൽ വീട്ടിലുള്ള എല്ലാവരും മാസ്‌ക് ഉപയോഗിക്കണം.

4. പരിശോധനയിൽ കൊവിഡ് ബാധിതനെന്നു തെളിഞ്ഞാൽ ടോയ്‌ലറ്റ് സൗകര്യമുള്ള ഒരു മുറിയിൽ കുടുംബാംഗങ്ങളുമായി സമ്പർക്കത്തിൽ വരാതെ കഴിയണം. ജനാലകൾ തുറന്നിട്ട് മുറിയിൽ വായുസഞ്ചാരം ഉറപ്പുവരുത്തണം. രോഗിക്ക് ഭക്ഷണം നൽകുന്ന വ്യക്തിയും മാസ്‌ക് ഉപയോഗിക്കുകയും, ശാരീരിക അകലം പാലിക്കുകയും വേണം.

5. രോഗി ഉപയോഗിച്ച പാത്രങ്ങൾ, തുണികൾ, മറ്റ് സാമഗ്രികൾ തുടങ്ങിയവ സ്വയം വൃത്തിയാക്കണം. രോഗി ഉപയോഗിച്ച സാധനങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.

ഒഴിവാക്കേണ്ടത്

അനാവശ്യമായി പുറത്തിറങ്ങരുത്. അയൽ വീടുകൾ സന്ദർശിക്കുന്നതും കൂട്ടംകൂടി നിൽക്കുന്നതും ഒഴിവാക്കണം.

ഡബിൾ മാസ്‌ക് ധരിക്കണം. ഒരു സർജിക്കൽ മാസ്‌കും അതിന് മുകളിൽ തുണി മാസ്‌കും ധരിക്കണം.

വീടുകളിലുള്ള പ്രായമായവരെയും കുട്ടികളെയും കൂടുതൽ ശ്രദ്ധിക്കണം.

കുട്ടികളെ പുറത്തുകൊണ്ടുപോകുന്നതും മറ്റു വീടുകളിൽ കളിക്കാൻ വിടുന്നതും ഒഴിവാക്കണം.

"ആദ്യഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി രണ്ടാം ഘട്ടത്തിൽ ചെറുപ്പക്കാരിൽ രോഗബാധ കൂടുതലാണ്. ആദ്യ നാളുകളിൽ കിതപ്പും ശ്വാസം മുട്ടലും ഗുരുതരമായി ചികിത്സ തേടുന്നവരുടെ എണ്ണം കൂടിവരുന്നു. രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ ശ്രദ്ധിക്കാതിരിക്കുന്നതും രോഗലക്ഷണങ്ങൾ അവഗണിക്കുന്നതും ഇത്തരക്കാരിൽ ശരീരത്തിൽ ഓക്‌സിജന്റെ അളവ് പെട്ടെന്ന് കുറഞ്ഞ് രോഗം ഗുരുതരമാകുന്നതിനു കാരണമാകും. ഇങ്ങനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തുന്ന ചെറുപ്പക്കാരുടെ എണ്ണവും മരണവും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്."

ഡോ.എ.എൽ ഷീജ

ഡി.എം.ഒ