ചന്ദനപ്പള്ളി: ചന്ദനപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഇന്നും നാളെയുമായി നടക്കുമെന്ന് ഇടവക വികാരി ഫാ.വർഗീസ് കളിയ്ക്കൽ അറിയിച്ചു. വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരശേഷിപ്പ് പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ദേവലയം കേന്ദ്ര സർക്കാരിന്റെ സ്പിരിച്വൽ സർക്യൂട്ടിൽ ഉൾപ്പെട്ടതാണ്. പെരുന്നാളാഘോഷത്തിന് ഏപ്രിൽ 25നാണ് കൊടിയേറിയത്. മേയ് ഒന്നു മുതൽ വിശുദ്ധ മൂന്നിൻമേൽ കുർബാനയും മദ്ധ്യസ്ഥ പ്രാർത്ഥനയും ഇടവകയിൽ നടക്കുന്നുണ്ട്. തിരുനാൾ ആഘോഷങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നതെന്ന് ഇടവക വികാരി പറഞ്ഞു. പെരുന്നാളിന്റെ പ്രധാന ദിവസങ്ങളായ ഇന്ന് രാവിലെ എട്ടിന് ഡോ.തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലിത്താമാരുടെ മുഖ്യ കാർമികത്വത്തിൽ മുന്നിൻമേൽ കുർബാന, പൊന്നിൻകുരിശ് സമർപ്പണം, സന്ധ്യാ നമസ്‌കാരം, ശ്ളൈഹിക വാഴ്‌വ് എന്നിവയും നാളെ രാവിലെ ചെമ്പിൽ അരിയിടീൽ കർമ്മം, ഇടവക മെത്രാപ്പോലിത്ത അഭി.കുറിയാക്കോസ് മാർ ക്ലിമ്മീസിന്റെ മുഖ്യ കാർമികത്വത്തിൽ പ്രഭാത നമസ്‌കാരം, ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവ അനുഗ്രഹ സന്ദേശം എന്നിവയുണ്ടാകും. തുടർന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചരിത്ര പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ് നടക്കും.