അത്തിക്കയം: നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിൽ പ്രവർത്തിച്ചുവരുന്ന കെ.എസ്.ഇ.ബി ഓഫീസ് മുറി ഒഴിയണമെന്ന് ഗ്രാമ പഞ്ചായത്ത് ഭരണസമിതി. വടശേരിക്കര സെക്ഷൻ ആയിരിക്കുമ്പോൾ അപേക്ഷ സ്വീകരിക്കൽ, ബില്ല് അടയ്ക്കൽ എന്നീ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനാണ് ഈ മുറി കെ.എസ്.ഇ.ബിക്ക് നൽകിയിരുന്നത്. എന്നാൽ, നാറാണംമൂഴി പഞ്ചായത്ത് ഉൾപ്പെടുന്ന ഭാഗം ഇപ്പോൾ കെ.എസ്.ഇ.ബി പെരുനാട് സെക്ഷന്റെ കീഴിലാണ്. ബില്ലിംഗ്, പുതിയ കണക്ഷൻ അപേക്ഷ, പരാതികൾ എന്നിവ സ്വീകരിക്കുന്നതും പെരുനാട് സെക്ഷൻ ഓഫീസിൽ നിന്നാണ്. അതുകൊണ്ട് മുറി ഒഴിഞ്ഞു തരുകയോ പൊതുമരാമത്ത് നിശ്ചയിച്ച വാടകയും അനുബന്ധ നികുതിയും അടയ്ക്കുകയോ ചെയ്യണമെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർക്ക് പഞ്ചായത്ത് നോട്ടീസ് നൽകി.
അതേസമയം, കെ.എസ്.ഇ.ബി ഓവർസിയർ ഓഫീസിൽ പകൽ സമയങ്ങളിൽ രണ്ടു ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും ഈ മേഖലയിലെ പരാതികൾ പരിഹരിക്കുന്നതിന് ഓഫീസ് നിലനിറുത്തേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്തിന് കെ.എസ്.ഇ.ബി കത്ത് നൽകി. കൊവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ അത്തിക്കയം, കുടമുരുട്ടി, കടുമീൻചിറ, കൊച്ചുകുളം മേഖലയിലുള്ള ജനങ്ങൾക്ക് പെരുനാട് ഓഫീസുമായുള്ള സമ്പർക്കം ഒഴിവാക്കാം.