അടൂർ : ഒാക്സിജൻ ബെഡ് ഉൾപ്പെടെയുള്ള അപര്യാപ്തത മുന്നിൽ കണ്ട് അടൂർ ജനറൽ ആശുപത്രിയിൽ കൊവിഡ് ചികിത്സാവിഭാഗം ഇന്ന് പ്രവർത്തനം ആരംഭിക്കും. ആദ്യഘട്ടമായി 16 ഒാക്സിജൻ കിടക്കളും നാല് വെന്റിലേറ്റൽ എെ.സി.യുമാണ് തുടങ്ങുന്നതെന്ന് നഗരസഭാ ചെയർമാൻ ഡി.സജി അറിയിച്ചു. എച്ച്.എം.സി പേവാർഡ് പ്രവർത്തിച്ചുവന്ന കെട്ടിടത്തിലാണ് ഒാക്സിജൻ ബെഡുകൾ സജ്ജമാക്കുക. പ്രധാന കെട്ടിടത്തിലാണ് വെന്റിലേറ്റർ സൗകര്യമുള്ള ഐ.സി.യു വിഭാഗം പ്രവർത്തിക്കുക. രണ്ടാം ഘട്ടമായി 50 ഒാക്സിജൻ കിടക്കകൾകൂടി സജ്ജമാക്കുന്നതിനുള്ള ശ്രമം ആരംഭിച്ചതായും നഗരസഭാ ചെയർമാൻ പറഞ്ഞു. ഇക്കാര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് നഗരസഭ ഇതിനായി മുൻകൈ എടുത്തതും ഒാക്സിജൻ കിടക്കകളും വെന്റിലേറ്റർ എെ.സി. യു സംവിധാനവും കൊവിഡ് രോഗികൾക്കായി സജ്ജമാക്കിയത്. കൊവിഡ് ചികിത്സ സൗകര്യം പ്രധാന കെട്ടിടത്തിൽ നിന്നും ഒഴിയാഞ്ഞതിനാൽ മറ്റ് രോഗികൾക്ക് ഒ.പിയിൽ എത്തുന്നവർക്കോ ഇത് ബുദ്ധിമുട്ടിന്റെയോ ഭയപ്പാടിന്റെയോ പ്രശ്നം ഉദിക്കുന്നില്ല. മതിയായ ഒാക്സിജൻ സിലിണ്ടറുകളും ആശുപത്രിയിൽ ക്രമീകരിച്ചുകഴിഞ്ഞു.