കോഴഞ്ചേരി: കച്ചവടം കുറയുകയും പലയിടത്തും വാടക ഉയരുകയും ചെയ്തതോടെ പിടിച്ചു നിൽക്കാനാകാതെ വ്യാപാരികൾ വിഷമിക്കുമ്പോഴാണ് ഇന്നു മുതൽ ലോക് ഡൗണും ആരംഭിക്കുന്നത്. വരും ദിവസങ്ങളിൽ പ്രതിസന്ധി വീണ്ടും രൂക്ഷമാകുമെന്ന ആധിയിലാണ് വ്യാപാര സമൂഹം. പച്ചക്കറി, വസ്ത്രം, ഫാൻസി, സ്റ്റേഷനറി ഉൾപ്പെടെയുള്ള ചെറുകിട വ്യാപാര മേഖലയാണ് തകർച്ചയിലേക്ക് നീങ്ങുന്നത്. തുണി, ചെരുപ്പ് കച്ചവടക്കാർ ഉത്സവ സീസണിൽ പ്രതീക്ഷ പുലർത്തിയെങ്കിലും വിൽപനയ്ക്ക് ശേഖരിച്ച സാധനങ്ങൾ അതേ പടി കടകളിൽ സ്റ്റോക്ക് ചെയ്ത് കാത്തിരിക്കേണ്ട ഗതികേടിലാണ്. കഴിഞ്ഞ വർഷത്തെ കൊവിഡ് പ്രതിസന്ധിയിൽ മിക്കവരും ജീവനക്കാരെ ഒഴിവാക്കി സ്വന്തം നിലയിൽ കച്ചവടം നടത്തി ചെറിയ തോതിൽ കരകയറി വരുന്നതിനിടെയാണ് ഇപ്പോൾ രണ്ടാം തരംഗം വില്ലനായി മാറിയത്.
ചെറിയകടകൾക്ക് പൂട്ടുവീണു
പ്രവർത്തന സമയം കുറച്ചതും കൊവിഡ് നിയന്ത്രണം കാരണം സ്ഥാപനങ്ങൾ കൂടുതൽ സമയം തുറക്കാൻ കഴിയാത്തതും ഒട്ടുമിക്ക വ്യാപാരികളെയും ദുരിതത്തിലാഴ്ത്തി. കഴിഞ്ഞ വർഷത്തെ ലോക് ഡൗണിലുണ്ടായ നഷ്ടങ്ങളിൽ നിന്ന് കരകയറുന്നതിന് വാങ്ങിയ കടങ്ങൾ തിരിച്ചടക്കാനാകാതെ കടക്കെണിയിൽ വലയുമ്പോഴാണ് വീണ്ടും പുതിയ തിരിച്ചടി. ഇതിനു പുറമെ ഉയർന്ന വൈദ്യുതി ചാർജും വാടകയും നൽകി മുന്നോട്ടു പോകാൻ കഴിയാത്ത ചെറിയ കടകൾക്ക് ഇതിനോടകം ഗ്രാമപ്രദേശങ്ങളിൽ പൂട്ടു വീണു. ചിലർ കുറഞ്ഞ വാടകയ്ക്ക് ലഭിച്ച മുറികളിലേക്ക് കച്ചവടം മാറ്റി.
റംസാൻ വിപണി മുന്നിൽക്കണ്ട് സ്റ്റോക്കെടുത്തവർ ദുരിതത്തിൽ
വിദേശജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി മറ്റു വഴികളില്ലാതെ കച്ചവടത്തിനിറങ്ങിയവർക്കും ദുരിതം തന്നെ തുടർക്കഥയായി. വിഷു, റംസാൻ വിപണി മുന്നിൽക്കണ്ട് ലക്ഷങ്ങൾ വായ്പയെടുത്ത് സാധനങ്ങൾ സ്റ്റോക്ക് ചെയ്തവരും പ്രതിസന്ധിയിലായിട്ടുണ്ട്. ചെറുകിട സ്ഥാപനങ്ങൾ അടച്ചിടുന്നത് കച്ചവടക്കാരെയും തൊഴിലാളികളെയും ഒരു പോലെയാണ് ബാധിക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടകൾ ഭാഗികമായെങ്കിലും തുറന്നു കിട്ടാൻ നടപടി വേണം
(വ്യാപാരികൾ)