നമ്മുടെ രാജ്യംകണ്ട ആത്മീയാചാര്യന്മാരുടെ കൂട്ടത്തിൽ മാനവികത എപ്പോഴും ഉയർത്തിപ്പിടിച്ച മഹത് വ്യക്തിത്വത്തിനുടമയായിരുന്നു ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. മാർത്തോമ്മ സഭയുടെ ചട്ടക്കൂട്ടിൽ ഒതുങ്ങിനിൽക്കുമ്പോഴും അതിരുകൾ ലംഘിക്കാതെ, അതിനപ്പുറത്തേക്ക് പൊതുസമൂഹത്തിന്റെയും നായകനായിത്തീരാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ സവിശേഷതയാണ്.
മനുഷ്യസേവയാണ് ഈശ്വരസേവ എന്ന് വിശ്വസിച്ചുകൊണ്ട് എല്ലാവരുടെയും നന്മയ്ക്കായി തിരുമേനി തന്റെ ജീവിതം സമർപ്പിക്കുയായിരുന്നു. നാടിന്റെ പൊതുസ്വത്തായിരുന്നു ശരിയുടെ ഈ ഇടയൻ
തിരുവല്ല ആസ്ഥാനമായി കേരളത്തിൽ പടർന്നുപന്തലിച്ച മാർത്തോമ സഭയെ ഇന്ത്യയ്ക്കകത്തും പുറത്തേക്കുമായി വളർത്തുന്നതിൽ സഭാദ്ധ്യക്ഷനായ തിരുമേനിയുടെ പങ്ക് വലുതാണ്. വിദ്യാഭ്യാസമേഖലയിലും അവശവിഭാഗങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയും ഒട്ടേറെ ക്ഷേമപദ്ധതികൾ അദ്ദേഹം നടപ്പാക്കിയിട്ടുണ്ട്. സഭാതലത്തിൽ ഉന്നതസ്ഥാനീയനായിരിക്കുമ്പോഴാണ് അദ്ദേഹം മാതാ അമൃതാനന്ദമയി ദേവിയെ വള്ളിക്കാവിലെ ആശ്രമത്തിൽ ചെന്ന് ദർശിച്ചതും അമ്മ നൽകിയ മാല ധരിക്കാൻ സന്നദ്ധമായതും .
മാരാമൺ കൺവെൻഷൻ നടക്കുന്ന പമ്പാതീരത്ത് പുതുതായി തുടങ്ങിയ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ സംഘർഷത്തിലേക്ക് നീങ്ങിയപ്പോൾ, സഭയുടെ താൽപ്പര്യത്തെപ്പോലും കണക്കിലെടുക്കാതെ സമാധാനത്തിന് വേണ്ടി അത് പൊളിക്കാൻ താൻ മുൻകൈയെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. എൽ. കെ. അദ്വാനി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരോടൊപ്പം തിരുമേനിയെ സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.