പന്തളം: കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ലോക് ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ പന്തളത്തു ഫലം കാണുന്നില്ല. നഗരഹൃദയമുൾപ്പെടെ തിരക്കോടു തിരക്കു തന്നെ. കഴിഞ്ഞ ദിവസം 49 പേർക്കാണു രോഗം കണ്ടെത്തിയത്. ചേരിയ്ക്കൽ, മങ്ങാരം, മെഡിക്കൽ മിഷൻ, കുരമ്പാല, പൂഴിക്കാട്, കടയ്ക്കാട് മേഖലകളിലാണു രോഗവ്യാപനം ശക്തം. പൊലീസും ആരോഗ്യ വകുപ്പും രോഗബാധിത പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. എങ്കിലും ജനങ്ങളുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണു പ്രധാന പ്രശ്‌നം. കൊവിഡ് ടെസ്റ്റിനു വിധേയമാകുന്നവർ ഫലം ലഭിക്കുന്നതിനു മുമ്പുതന്നെ പലയിടങ്ങളിലും കറങ്ങി നടക്കുന്നതു പതിവായിരിക്കുന്നു. ഫലം വരുമ്പോൾ ഇത്തരക്കാരിൽ മിക്കവരും പോസിറ്റീവാണെന്നതും ആശങ്ക ഉയർത്തുന്നുണ്ട്. അനാവശ്യ യാത്രക്കാരുടെയും വാഹനങ്ങളുടെയും തിരക്കാണ് എവിടെയും. ഇതു നിയന്ത്രിക്കാനുള്ള പൊലീസ് നടപടികളും ഫലം കാണുന്നില്ല. എവിടെ നോക്കിയാലും ഇതര സംസ്ഥാന തൊഴിലാളികൾ കറങ്ങി നടക്കുന്നതു കാണാം. ഒരു സർജിക്കൽ മാസ്‌ക് ഉൾപ്പെടെ രണ്ടു മാസ്‌ക് ധരിക്കണമെന്ന കർശന നിർദ്ദേശമുണ്ടെങ്കിലും നിലവാരം കുറഞ്ഞ ഒറ്റ മാസ്‌ക് ധരിച്ചാണ് മിക്കവരും പുറത്തിറങ്ങുന്നത്. ഇത്തരക്കാർക്കെതിരെയും കർശന നടപടികൾ സ്വീകരിച്ചെങ്കിൽ മാത്രമെ നിയന്ത്രണങ്ങൾക്കു ഫലം കാണാനും രോഗവ്യാപനം തടയാനും സാധിക്കുകയുളളൂ.