road
ആനന്ദപ്പള്ളി - കൊടുമൺ റോഡിന്റെ നിർമ്മാണ പുരോഗതി നിയുക്ത എം. എൽ. എ ചിറ്റയം ഗോപകുമാർ വിലയിരുത്തുന്നു.

ബി. എം അൻഡ് ബി. സി നിലവാരത്തിൽ ടാറിംഗ് തുടങ്ങി

അടൂർ : വർഷങ്ങളായി തകർന്നുകിടന്ന ആനന്ദപ്പള്ളി - കൊടുമൺ റോഡ് ഉന്നത നിലവാരത്തിലേക്ക് മാറുന്നു.നാല് കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡിന്റെ ടാറിംഗ് ഇന്നലെ ആനന്ദപ്പള്ളിയിൽ നിന്ന് ആരംഭിച്ചു. രണ്ട് മാസത്തിലേറെയായി റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്യുന്നതിനുള്ള പ്രാരംഭ ജോലികൾ നടന്നുവരികയായിരുന്നു. ബി. എം ആഅൻഡ് ബി. സി നിലവാരത്തിൽ ഉള്ള ടാറിംഗ് പൂർത്തിയാകുന്നതോടെ അടൂർ മണ്ഡലത്തിലെ ഒരു റോഡിനുകൂടി ശാപമോക്ഷമാകും. അടൂർ നഗരസഭയേയും കൊടുമൺ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. കുണ്ടും കുഴിയും നിറഞ്ഞ് യാത്രാക്ളേശം രൂക്ഷമായ റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് കേരളകൗമുദി പലതവണ റിപ്പോർട്ട് ചെയ്തിരുന്നു.

കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ചിറ്റയം ഗോപകുമാർ ഇതിനുള്ള ഭരണാനുമതി നേടിയെടുത്തത്. അടൂർ നിവാസികൾക്ക് കൊടുമൺ, അങ്ങാടിക്കൽ, കൂടൽ, ചന്ദനപ്പള്ളി, കോന്നി തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്നതിനുള്ള ദൈർഘ്യംകുറഞ്ഞ പാതയാണിത്. ഒാട്ടോറിക്ഷകൾക്ക് പോലും യാത്രചെയ്യാൻ കഴിയാത്ത വിധം തകർന്നുകിടന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഏറെനാളത്തെ പഴക്കമുണ്ട്.

യാത്രാ ദുരിതത്തിന് പരിഹാരം

റോഡ് ഉന്നതനിലവാരത്തിലാകുന്നതോടെ കൊടുമൺ ഇ. എം. എസ് സ്റ്റേഡിയം, കോന്നി മെഡിക്കൽ കോളേജ് എന്നിവിടങ്ങിളേക്കുള്ള യാത്ര സുഗമമാകും.റോഡ് നിർമ്മാണം നടന്നുവരുന്നതിനാൽ വാഹനഗതാഗതം പലവഴിയിലൂടെ തിരിച്ചുവിട്ടിരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് ഗതാഗതയോഗ്യമാക്കാനുള്ള ശ്രമം നടന്നെങ്കിലും ഫലം കണ്ടില്ല. അഞ്ചരമീറ്റർ വീതിയിലാണ് ടാറിംഗ് നടക്കുന്നത്. ചിലഭാഗങ്ങളിലെ വീതിക്കുറവ് പരിഹരിച്ചശേഷമാണ് ടാറിംഗ് ആരംഭിച്ചത്.താഴ്ന്ന സ്ഥലങ്ങൾ 15 മുതൽ 30 സെന്റീമീറ്റർ വരെ ഉയർത്തിയും കയറ്റം വെട്ടിത്താഴ്ത്തിയുമാണ് നിർമ്മാണം. 5 സെന്റീമീറ്റർ കനത്തിൽ ബി. സി യും 3 സെന്റീമീറ്റർ കനത്തിൽ ബി. എം. ഉം നിരത്തും.

നിയുക്ത എം.എൽ.എ ചിറ്റയം ഗോപകുമാർ ജോലികൾ വിലയിരുത്തി. നഗരസഭാ കൗൺസിലർ രാജി ചെറിയാൻ, ബോബി മാത്തുണ്ണി എന്നിവരും ഉണ്ടായിരുന്നു. ഒരാഴ്ചകൊണ്ട് ടാറിംഗ് നടപടികൾ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കം. ആവശ്യമുള്ള സ്ഥലങ്ങളിൽ ഒപ്പം വെള്ളം ഒഴുകിപോകുന്നതിനാവശ്യമായി റോഡിന്റെ ഇരുവശത്തേയും ഒാട കോൺക്രീറ്റ് ചെയ്യും. ജലനിർഗമനത്തിനായി ചിലഭാഗങ്ങളിൽ പൂട്ടുകട്ടളും നിരത്തുന്നുണ്ട്. രാജി മാത്യൂ കൗൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണ ചുമതല. വെച്ചൂച്ചിറയിലുള്ള പ്ളാന്റിൽ നിന്നാണ് ടാറിംഗ് മിശ്രിതം എത്തിക്കുന്നത്.

-----------

നിർമ്മാണ ചെലവ് - 3.95 കോടി രൂപ

നീളം - 4 കിലോമീറ്റർ,

‌വീതി - 5.5 മീറ്റർ.