മല്ലപ്പള്ളി : താലൂക്ക് പരിധിയിൽ വൈദ്യുത വാതക ശ്മശാനങ്ങൾ ഇല്ലാത്തതിനാൽ മൃതദേഹങ്ങളുമായി ബന്ധുക്കൾ ബുദ്ധിമുട്ടുന്നു. അടുത്തിടെ കൊവിഡ് ബാധിച്ച് മരിച്ചവരുടേത് ഉൾപ്പെടെ നിരവധിപേരെ സംസ്‌ക്കരിക്കുന്നതിനായി ദൂരസ്ഥലങ്ങളിലെ സംസ്‌ക്കരണ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. കൊവിഡ് ബാധിച്ച് ജില്ലയ്ക്കുള്ളിലും കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മരിച്ച കുന്നന്താനം, ആനിക്കാട്, മല്ലപ്പള്ളി, കല്ലൂപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്നവരെ മല്ലപ്പള്ളി പഞ്ചായത്ത് പൊതുശ്മശാനത്തിൽ എത്തിച്ച് ദഹിപ്പിക്കാറുണ്ടെങ്കിലും സ്ഥിരമായ സംവിധാനങ്ങളില്ലാത്തതാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. സംസ്ക്കരിക്കാൻ പലയിടത്തും ടോക്കൺ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ താമസം നേരിടുന്നുണ്ട്. കൊവിഡ് ബാധിച്ച് മരിക്കുന്ന ക്രിസ്ത്യൻ വിഭാഗത്തിലുള്ളവരെ പള്ളികളുടെ ശ്മശാനങ്ങളിൽ പ്രത്യേകം ക്രീമിറ്റോറിയങ്ങൾ ഒരുക്കി സംസ്‌ക്കരിക്കുന്നുണ്ട്. വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികളുടെ സഹായം ലഭിക്കുന്നതിനാലാണ് സംസ്‌ക്കാരങ്ങൾ പലയിടത്തും പരാതിക്കിടയാക്കാതെ നടക്കുന്നത്. ജില്ലയിൽ കൊവിഡ് വ്യാപന നിരക്കും, മരണനിരക്കും കൂടുതലായ താലൂക്ക് എന്ന പ്രത്യേകതയും ഇവിടമാണ്. കൂടാതെ താലൂക്ക് ആശുപത്രിയും ജില്ലയിലെ ഏക സ്വകാര്യ മോർച്ചറിയും സ്ഥിതിചെയ്യുന്ന മല്ലപ്പള്ളിയിലാണ്. വൈദ്യുതി ഉപയോഗിച്ചോ, വാതകം ഉപയോഗിച്ചോ പ്രവർത്തിക്കുന്ന ശ്മശാനം മല്ലപ്പള്ളിയിൽ ഒരുക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.