പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഓക്‌സിജൻ പ്ലാന്റിന്റെ പ്രവർത്തനം നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ വിലയിരുത്തി. കൊവിഡ് വിഭാഗത്തിൽ കിടക്കകൾ വർദ്ധിക്കുന്നതോടെ ഓക്‌സിജൻ വിതരണം കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനിച്ചു.
നിലവിൽ പ്ലാന്റിലെ കൺട്രോൾ പാനലിൽ 12 മാനിഫോൾഡുകളാണ് ഉള്ളത്. രണ്ട് മാനിഫോൾഡുകൾ റിസർവായും പ്രവർത്തിക്കുന്നു.ഒരേസമയം ആറ് സിലണ്ടറുകളിൽ ഘടിപ്പിച്ചിട്ടുളള മാനിഫോൾഡുകൾ ഉപയോഗിച്ച് 42000 ലിറ്റർ ഓക്‌സിജനാണ് വിതരണം ചെയ്യുന്നത്. കൺട്രോൾ പാനലിൽ എട്ട് മാനിഫോൾഡുകളും റിസർവിൽ രണ്ടെണ്ണം അധികമായും തയ്യാറാക്കാനാണ് നഗരസഭ തീരുമാനമെടുത്തത്.ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോ. ജിജി വർഗീസ്, കൊവിഡ് നോഡൽ ഓഫീസർ ഡോ: ഹരികൃഷ്ണൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് തീരുമാനമെടുത്തത്. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ബിനു ജോർജ്, ക്രിസ് ഗ്ലോബൽ ഡയറക്ടർ ക്രിസ്റ്റഫർ എന്നിവരും പങ്കെടുത്തു. നിലവിലുള്ള മാനിഫോൾഡുകളുടെ എണ്ണം വർദ്ധിപ്പിച്ച് ഇരുപത് മാനിഫോൾഡുകൾ കൺട്രോൾ പാനലിൽ നിർമ്മിക്കും. വിവിധ സ്ഥാപനങ്ങളിൽ നിന്ന് നഗരസഭയുടെ നേതൃത്വത്തിൽ ശേഖരിച്ച സിലണ്ടറുകൾ ആശുപത്രി സൂപ്രണ്ടിന് നഗരസഭ ചെയർമാൻ കൈമാറി.