ചെങ്ങന്നൂർ : ചെങ്ങന്നൂർ കോഴഞ്ചേരി റോഡിൽ പാലം പണിയെ തുടർന്ന് ഗതാഗതം തിരിച്ചു വിട്ട റോഡിൽ വാഹനങ്ങൾ ഓടയിൽ വീണ് അപകടങ്ങൾ പതിവാകുന്നു. പുത്തൻകാവ് പാലത്തിന്റെ പുനർ: നിർമ്മാണത്തെ തുടർന്ന് ഗതാഗതം തിരിച്ചു വിട്ടിരിക്കുന്ന പുത്തൻകാവ് പിരളശേരി റോഡിലാണ് വാഹനങ്ങൾ ഓടയിൽ വീണ് അപകടങ്ങൾ ഉണ്ടാകുന്നത്. പാലം പുനർ: നിർമ്മാണത്തെ തുടർന്നാണ് ചെങ്ങന്നൂർ കോഴഞ്ചേരി റോഡിലാണ് കഴിഞ്ഞ ഒന്നര മാസത്തിലേറെയായി ഗതാഗതം വഴി തിരിച്ചു വിട്ടിരിക്കുന്നത്. ചെങ്ങന്നൂരിൽ നിന്ന് കോഴഞ്ചേരിയിലേയ്ക്കും കോഴഞ്ചേരിയിൽ നിന്ന് ചെങ്ങന്നൂരിലേയ്ക്കും പോകേണ്ട വാഹനങ്ങളാണ് പൊതുമരാമത്ത് നിരത്തു വിഭാഗം ഗതാഗതം വഴി തിരിച്ചു വിട്ടിരിക്കുന്നത്. കോഴഞ്ചേരി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പുത്തൻകാവ് ജംഗ്ഷനിൽ നിന്ന് പുത്തൻകാവ് പിരളശേരി റോഡിൽ പ്രവേശിച്ച് അവിടെ നിന്ന് തിരിഞ്ഞ് സെന്റ് ആൻസ് സ്‌കൂൾ റോഡിലൂടെ അങ്ങാടിക്കൽ ജംഗ്ഷനിലെത്തി വേണം ചെങ്ങന്നൂരിലേയ്ക്ക് പോകേണ്ടത്. ചെങ്ങന്നൂരിൽ നിന്നും കോഴഞ്ചേരിയിലേയ്ക്ക് പോകുന്ന വാഹനങ്ങളും ഇതേ റോഡിലൂടെയാണ് പോകേണ്ടത്. പുത്തൻകാവ് പിരളശേരി റോഡിൽ നിന്നും സെന്റ് ആൻസ് സ്‌കൂൾ റോഡിലേയ്ക്ക് തിരിയുന്ന ഭാഗത്തെ ഓടകൾക്കു മുകളിൽ സ്ലാബുകൾ സ്ഥാപിക്കാത്തതാണ് അപകടങ്ങൾക്കു കാരണം.
ഗതാഗതം തിരിച്ച് വിട്ടത് കെണിയായി
ഗതാഗതം തിരിച്ചു വിട്ടിരിക്കുന്നതിനാൽ റോഡ് പരിചയമില്ലാത്തവരാണ് ഓടയിൽ മിക്കവാറും വീഴുന്നത്. കാൽനടയാത്രക്കാരും ഓടയിൽ വീണ് പരിക്കേറ്റിട്ടുണ്ട്. അപകടങ്ങൾ ഉണ്ടാകുമ്പോൾ നാട്ടുകാരാണ് സഹായത്തിനെത്തുന്നത്. റോഡ് നിരപ്പിൽ നിന്ന് താഴ്ന്നും റോഡിനോട് ചേർന്നും ഓട നിൽക്കുന്നതിനാൽ വാഹനങ്ങളിൽ വരുന്നവർക്ക് ഓട ഉണ്ടെന്ന് തിരിച്ചറിയാൻ കഴിയാറില്ല.
പരാതി നൽകിയിട്ടും നടപടിയില്ല
അപകടങ്ങൾ ഒഴിവാക്കാൻ ഓടയ്ക്ക് മുകളിൽ അടിയന്തരമായി സ്ലാബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ 10ാം വാർഡ് കൗൺസിലർ മിനി സജൻ പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരൻ, പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ, അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ എന്നിവർക്ക് നേരത്തെ പരാതി നൽകിയിരുന്നെങ്കിലും നാളിതു വരെ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ ജീവഹാനി വരെ ഉണ്ടാകാൻ സാദ്ധ്യയുണ്ടെന്നാണ്നാട്ടുകാരുടെ . പാലം പൂർത്തിയാക്കാൻ മാസങ്ങൾ വേണ്ടി വരുമ്പോൾ വാഹനങ്ങൾ ഓടയിൽ വീണ് നിരവധി പേർക്ക് പരിക്കേൽക്കുന്നതിനും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനും സാസാദ്ധ്യതയേറെയാണ്.
-റോഡിന് വീതി കുറവും, വളവും
-വാഹനങ്ങളുടെ അമിത വേഗത
വലിയ വാഹനങ്ങൾ ഒരേ സമയത്ത് ഇരു ദിശയിൽ നിന്നും വരുന്നതും അപകട കാരണം