പത്തനംതിട്ട: കാട്ടു പന്നിയുടെ കുത്തേറ്റ് അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്. പെരിങ്ങമല ഒറ്റുകല്ലില്‍ ദേവകി(55),മകള്‍ രഞ്ജു (32)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവകിയുടെ കൈ ഒടിഞ്ഞു. രഞ്ജുവിന്റെ ശരീരത്ത് നിരവധി മുറിവുകളുണ്ട്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ ആടിന് തീറ്റവെട്ടാന്‍ പോയ ദേവകിയെ റോഡില്‍വെച്ച് പിന്നിലൂടെ വന്ന പന്നി കുത്തിവീഴ്ത്തി.താഴ്ചയിലുള്ള പറമ്പിലേക്ക് വീണിട്ടും വീണ്ടും ആക്രമിച്ചു.നിലവിളികേട്ടെത്തിയ രഞ്ജു അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചതോടെ പന്നി ഇവര്‍ക്ക് നേരെ തിരിഞ്ഞു. തേറ്റ കൈയ്യിലേക്ക് കുത്തിയിറക്കി. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരേയും രക്ഷിച്ചത്.