തിരുവല്ല: ആധുനിക സംവിധാനങ്ങളോടു കൂടി സജ്ജീകരിച്ച അറവുശാലയുടെ പ്രവർത്തനം അനിശ്ചിതത്വത്തിലായി. വളളംകുളം ചന്തയിലുള്ള അറവുശാല കെട്ടിടത്തിന്റെ പണികൾ പഞ്ചായത്താണ് നടത്തിയത്. കെട്ടിടം പണിത് ഉപകരണങ്ങൾ സ്ഥാപിക്കുന്നത് അടക്കമുളള പണികൾ തീർത്തിട്ട് മൂന്ന് വർഷത്തോളമായി. വിദേശത്തുനിന്നാണ് കശാപ്പ് നടത്തുന്നതിനുളള ഉപകരണങ്ങൾ ഇറക്കുമതി ചെയ്തിട്ടുളളത്. ഇവ സ്ഥാപിച്ചിട്ടും വർഷളായി. ഒരു കോടിയോളം രൂപ മുടക്കിയാണ് പണികൾ നടത്തിയത്. മാടുകളെ കൊല്ലുന്നതുമുതൽ മാലിന്യം സംസ്‌ക്കരണം വരെയുളള നിരവധി പ്രക്രിയകൾ ഇവ ഉപയോഗിച്ചാണ് നടത്തുക. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെയാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമ്മിച്ച ആദ്യത്തെ അറവുശാലയാണ് നോക്കുകുത്തിയായത്. കഴിഞ്ഞ് പഞ്ചായത്ത് ഭരണസമിതി തുടങ്ങിയ പദ്ധതിയാണ് പ്രവർത്തനം തുടങ്ങുമെന്ന പ്രതീക്ഷയിൽ ജനങ്ങൾ കാത്തിരിക്കുന്നത്.

അറവുശാല നൂതനസങ്കേതിക വിദ്യയിൽ


അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്ത നൂതന സങ്കേതിക വിദ്യയോടുകൂടിയ ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവ ഉപയോഗിച്ച് മാടുകളെ കൊല്ലാൻ ഏഴുമിനിറ്റ് മതിയാകും. ഇതിനായി കട്ടിഗ് മെഷീനിൽ കയറ്റുന്നതിന് മുമ്പ് ഇവയെ പൂർണമായും ബാക്ടീയ വിമുക്തമാക്കും. ഇതിനുളള ലായനി ഉപയോഗിച്ച് കാലികളെ കഴുകി വൃത്തിയാക്കും. തുടർന്ന് ഡ്രയർ ഉപയോഗിച്ചാകും ഉണക്കിയെടുക്കുക. ഇതിനൊക്കെ വെവേറെ ഉപകരണങ്ങളുണ്ട്. മാടുകളെ കൊന്നു കഴിഞ്ഞാലുടനെ തലമുതൽ രക്തം വരെയുളള വിവിധ ഭാഗങ്ങൾ പ്രത്യേകം വേർതിരിഞ്ഞ് ഇതിനായി സജ്ജീകരിച്ചിട്ടുളള മുറികളിൽ എത്തിക്കും. എ.സി. സംവിധാനത്തോടെയുളള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മാടുകളെ എത്തിക്കുന്നതുമുതൽ മാലിന്യസംസ്‌ക്കരണംവരെ പൂർണമായും അണുവിമുക്തമാക്കിയാണ് നടത്തുക.


കഴിഞ്ഞ രണ്ടുതവണ ഉണ്ടായ വെള്ളപ്പൊക്കത്തിൽ അറവുശാല കെട്ടിടത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ അറ്റകുറ്റപ്പണികൾ നടത്താനുണ്ട്. ഈവർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി അത് പൂർത്തിയാക്കി അറവുശാലയുടെ പ്രവർത്തനം തുടങ്ങും.

ശ്രീധരൻപിള്ള

(കെ.വി പഞ്ചായത്ത് പ്രസിഡന്റ്, ഇരവിപേരൂർ)

-കെട്ടിടത്തിന് പിന്നിൽ കാടുകയറിയ നിലയിൽ

-കെട്ടിടത്തിന് എ.സി സംവിധാനം

- പൂർണമായും അണുവിമുക്തം