കലഞ്ഞൂർ: പാടം, വെള്ളംതെറ്റി മേഖലകളിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. പാടം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള വനമേഖലയോട് ചേർന്ന ജനവാസ മേഖലകളായ ഇവിടെ കാട്ടാനശല്യം മൂലം കർഷകർ പൊറുതിമുട്ടുകയാണ്. കഴിഞ്ഞ ദിവസം വെള്ളംതെറ്റി ആനന്ദഭവനിൽ അനിരുദ്ധന്റെ നിരവധി വാഴകൾ കാട്ടാനകൾ നശിപ്പിച്ചു. ചുറ്റും സ്ഥാപിച്ച ഇരുമ്പ് വേലികൾപൊളിച്ചാണ് കാട്ടാനകൾ കൃഷിയിടത്തിൽ ഇറങ്ങിയത്. ചക്ക തേടിയെത്തുന്ന കാട്ടാനകൾ തെങ്ങ്, കമുക്, വാഴ, തുടങ്ങിയ കാർഷിക വിളകളെല്ലാം നശിപ്പിക്കുകയാണ്. വനാതിർത്തിയോട് ചേർന്ന് കിടങ്ങുകളോ, സോളാർ വേലികളോ നിർമ്മിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലന്ന് കർഷകർ പറയുന്നു. സന്ധ്യ മയങ്ങിയാൽ കാട്ടാനകൾ ജനവാസമേഖലയിലെ വീടുകളുടെ സമീപത്തുവരെയെത്തും. മുമ്പ് പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും കാട്ടനകളെ തുരത്തിയിരുന്നു. എന്നാൽ ഇവ പരിചിതമായതോടെ ഇവ ഉപയോഗിച്ചാലും കാട്ടാനകൾ വനത്തിലേക്ക് മടങ്ങാറില്ല.