അടൂർ : കഞ്ചാവ്, മയക്കുമരുന്ന് വിൽപ്പനക്കാരെ കുടുക്കാൻ എക്സൈസ് കാട്ടിവന്ന ജാഗ്രതയിൽ കുറവ്. ഇതോടെ ചെറുപ്പക്കാർക്കിടയിൽ കഞ്ചാവ് ഉപയോഗം ഏറുന്നു. മദ്യം ലഭിക്കാനില്ലാതെ വന്നതോടെ പലരും ഇൗ ലഹരിയിലേക്കാണ് വഴിമാറിയിരിക്കുന്നത്. ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ചാണ് വിൽപ്പനക്കാർ സജീവമായിരിക്കുന്നത്. ചരക്ക് വാഹനങ്ങളുടെ മറവിലാണ് പ്രധാനമായും ആന്ധ്ര തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് അടൂരിലെ എക്സൈസ് സംഘം ചരക്ക് ലോറിയിൽ കടത്തികൊണ്ടു വന്ന 10കിലോ കഞ്ചാവ് പിടിച്ചെടുത്ത് മാദ്ധ്യമശ്രദ്ധ നേടിയിരുന്നു. തുടർന്നും ചെറുതും വലുതുമായ ഒട്ടേറെ കേസുകൾ പിടിച്ചെങ്കിലും കേസ് എടുക്കുന്ന ഉദ്യോഗസ്ഥരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന ചില നടപടികൾ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായതോടെയാണ് ഇക്കാര്യത്തിൽ നിന്നും എക്സൈസ് സംഘം പിന്നോട്ട് മാറിയത്.

ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അതൃപ്തിയും പ്രതിഷേധവും

പഴകുളം, പെരിങ്ങനാട്, പന്നിവിഴ, മേലൂട് ഭാഗങ്ങളിൽ ചെറുകിട കഞ്ചാവ് കച്ചവടക്കാർ ഏറെയാണ്. ഇവരെ തക്കംനോക്കി എക്സൈസ് സംഘം കുടുക്കി വന്നതാണ്. എന്നാൽ അഞ്ച് മാസം മുൻപ് പഴകുളത്തുനിന്നും ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവിൽ നിന്നും 45 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ജാമ്യം കിട്ടാവുന്ന കേസ് ആണെങ്കിലും വാഹനങ്ങൾ വിട്ടുകൊടുക്കേണ്ടതില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് വാഹനം കസ്റ്റഡിയിൽ എടുത്തു. പഴകുളത്തുനിന്നും കഞ്ചാവ് പിടിച്ച കേസിലെ പ്രതി സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു യുവാവിന്റേതായിരുന്നു. ഇത് ജാമ്യത്തിൽ ലഭിക്കാഞ്ഞതിനെ തുടർന്നുണ്ടായ പരാതിയിന്മേൽ അന്വേഷണം നടത്തിയ എക്സൈസ് വിജിലൻസ് ഒാഫീസർ അടൂരിലെത്തി അന്വേഷണം നടത്തുകയും കേസ് എടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച എക്സൈസ് ഉദ്യോഗസ്ഥനോട് മോശമായി പെരുമാറുകയും ചെയ്തതോടെയാണ് കഞ്ചാവ് വേട്ടയിൽ നിന്നും എക്സൈസ് ഉദ്യോഗസ്ഥർ ഇപ്പോൾ മുഖം തിരിച്ചു നിൽക്കുന്നത്.

സ്ഥാനക്കയറ്റം മതി, ഉത്തരവാദിത്വങ്ങൾ വേണ്ടെന്ന് ഉദ്യേഗസ്ഥർ

ഉദ്യോഗസ്ഥരിൽ പലരും പ്രമോഷന്റെ വക്കിലാണ്. അതിനാൽ ഇക്കൂട്ടർക്കും വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മടിയുണ്ടായതോടെ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യവും കെട്ടു. അടുത്തിടെ ദിനം പ്രതി കേസ് എടുക്കുന്നതിൽ ടാർജറ്റ് നിശ്ചയിച്ച് നൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കിടയിൽ തന്നെ കടുത്ത അതൃപ്തിയും പ്രതിഷേധവും ഉയർന്നിരുന്നു. ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഇത് സംബന്ധിച്ച് പ്രതിഷേധം ശക്തമായി ഉയർന്നതോടെ എങ്ങനെയെങ്കിലും ജോലിചെയ്ത് പോവുക എന്ന നിലപാടായി ഉദ്യോഗസ്ഥരുടേത്. ഇതോടെയാണ് ജോലി എളുപ്പമാക്കി പോകുകയാണ് ഉദ്യോഗസ്ഥർ.