പത്തനംതിട്ട : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മെഡിക്കൽ ടീം രൂപീകരിച്ച് നഗരസഭ കൗൺസിലർ ജനങ്ങൾക്ക് സഹായമേകുന്നു . മുൻ നഗരസഭാ ചെയർമാനും ഇരുപത്തിനാലാം വാർഡ് കൗൺസിലറുമായ എ. സുരേഷ് കുമാറാണ് വലഞ്ചുഴി, കല്ലറക്കടവ് വാർഡുകളിൽ താമസിക്കുന്ന ഡോക്ടർമാർ,നേഴ്‌സുമാർ മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി ടീം ജാഗ്രത എന്ന പേരിൽ മെഡിക്കൽ ടീമിനെ തയ്യാറാക്കിയിരിക്കുന്നത്. രണ്ട് വാർഡിലെയും താമസക്കാരായ അലോപ്പതി , ആയുർവേദ ,ഹോമിയോ ഡോക്ടർമാർ ,നഴ്‌സുമാർ ആശാവർക്കർമാർ,അങ്കണവാടി ടീച്ചർമാർ ,നഗരസഭ ഹെൽത്ത് ഇൻസ്പക്ടർമാർ എന്നിവരടങ്ങിയതാണ് ടീം ജാഗ്രത. ഈ പ്രദേശത്തുള്ളവർക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായാൽ ഇവരുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ സ്വീകരിക്കാം. ഏത് സമയത്തും സഹായം നൽകാനായി സന്നദ്ധ സേവാ പ്രവർത്തകരെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .ഇരുത്തിയഞ്ചാം വാർഡ് കൗൺസിലർ ഷീന രാജേഷിനാണ് പ്രവർത്തങ്ങളുടെ ഏകോപന ചുമതല. നേരത്തെ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികളും നടത്തിയിരുന്നു.