കൊടുമൺ: ഐക്കാട് ഭാഗത്ത് വൈദ്യുതി മുടക്കം പതിവാകുന്നു. ഇടവിട്ട് വൈദ്യുതി പോകുന്നതിനാൽ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾ നശിക്കുന്നുണ്ട്. രണ്ടു ദിവസങ്ങളായി വോൾട്ടേജ് ഇല്ലാത്തതിനാൽ നാട്ടുകാർ ബുദ്ധിമുട്ടുകയാണ്. ഏറെനാളായി പ്രദേശത്ത് വോൾട്ടേജ് ക്ഷാമവും വൈദ്യുതി മുടക്കവുമുണ്ട്. ഏഴംകുളം സെക്ഷനിലേക്ക് ഐക്കാട് ഭാഗത്തെ ഉപയോക്താക്കളെ മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ അധികൃതർക്ക് നിവേദനം നൽകിയിട്ടും അവഗണിക്കുകയായിരുന്നു. കഴിഞ്ഞ വർഷം പന്തളം തെക്കേക്കരയിൽ പുതിയ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് തുടങ്ങുകയും ഐക്കാട് പ്രദേശത്തെ ഉപഭോക്താക്കളെ അവിടേക്ക് മാറ്റുകയുമായിരുന്നു. കൊടുമൺ കേന്ദ്രീകരിച്ച് പുതിയ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് വേണമെന്ന് വർഷങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്നതാണ്.