labour

കോഴഞ്ചേരി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ജോലിയും വരുമാനവും നഷ്ടപ്പെടുമെന്ന് ഭയന്ന് ഇതരസംസ്ഥാന തൊഴിലാളികൾ മടങ്ങുന്നു. ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലർക്കും ഇതേക്കുറിച്ച് വ്യക്തമായ ധാരണയില്ല. തൊഴിലാളികളുടെ ആഭാവം നിർമ്മാണമേഖലയെ ആണ് കാര്യമായി ബാധിച്ചത്. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പേ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിത്തുടങ്ങിയിരുന്നു.

തൊഴിലാളികൾ കൊവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കി അവർക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് താമസവും ഭക്ഷണവും കരാറുകാർ ഒരുക്കണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. കൊവിഡ് രണ്ടാംതരംഗം രൂക്ഷമായതാണ് അടുത്തിടെ മടങ്ങിയെത്തിയ തൊഴിലാളികളുടെ തിരിച്ചു പോക്കിന് വീണ്ടും കാരണമായത്. സമ്പൂർണ്ണ അടച്ചിടിൽ നിലവിൽ വന്നു കഴിഞ്ഞാൽ ട്രെയിൻ സർവ്വീസ് ഉൾപ്പെടെ മുടങ്ങിയാൽ ഇവിടെ കുടുങ്ങിപ്പോകുമെന്ന ആശങ്കയും ഇവർക്കുണ്ട്. വെള്ളിയാഴ്ച വരെ തിരുവല്ല , ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനുകളിലും തിരുവല്ല , അടൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിലും തൊഴിലാളികളുടെ മടക്കയാത്രയ്ക്ക് തിരക്ക് അനുഭവപ്പെട്ടിരുന്നു.

ഹോട്ടലുകളിലും ഏറെപ്പേർ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ ലോക്ക് ഡൗണിൽ നാട്ടിൽപ്പോയവരിൽ പകുതിയിലധികം പേരും എതാനും മാസം മുമ്പ് തിരിച്ചെത്തിയവരാണ്. കുടുംബസമേതം വന്നവരുമുണ്ട്. ഇക്കൂട്ടത്തിൽ പെട്ടവരാണ് മടങ്ങിപ്പോയവരിൽ അധികവും.

കെട്ടിട നിർമ്മാണം മുതൽ തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ പദ്ധതികൾ , പൊതുമരാമത്ത് ജോലികൾ എന്നിവ തടസപ്പെടാനും നീണ്ടു പോകാനും സാദ്ധ്യതയേറെയാണ്. ലോക്ക് ഡൗണിന് ശേഷം ഇവർ എപ്പോൾ മടങ്ങിയെത്തുമെന്ന കാര്യത്തിലും ഉറപ്പില്ല. വോട്ടെടുപ്പിന് ജന്മനാടുകളിലേക്ക് മടങ്ങിപ്പോയവരും തിരികെ എത്തിയിട്ടില്ല. ഏപ്രിൽ മുതലാണ് തൊഴിലാളികൾ കൂടുതലായും നാട്ടിലേക്ക് മടങ്ങിത്തുടങ്ങിയത്. ബംഗാൾ, ആസാം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരാണ് കൂടുതലും.

ഇതര സംസ്ഥാനത്തൊഴിലാളികൾ മടങ്ങി വന്നാലും പുതിയ രജിസ്ട്രേഷനൊപ്പം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ ആവശ്യമാണ്. ഇതോടൊപ്പം തൊഴിലാളികൾ ക്വാറന്റൈനിലും കഴിയണം. ഇവർക്കു പകരം താൽക്കാലികമായി മലയാളികളെ ജോലിയ്ക്കെത്തിക്കുക എന്നതും പ്രായോഗികമല്ല.

" സംസ്ഥാനത്ത് ഇന്നലെവരെ 131 ഇതരസംസ്ഥാനത്തൊഴിലാളികൾക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 4 പേർ മരിച്ചു. ഭക്ഷ്യവസ്തുക്കളും മറ്റും എത്തിച്ചു നൽകുന്നതിന് തൊഴിലാളികളുടെ വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാകും "

(ജില്ലാ ലേബർ ഓഫീസർ, പത്തനംതിട്ട )