ചെങ്ങന്നൂർ: മഴ കനത്തതോടെ ആല കൊട്ടാരത്തിൽപടി നെടുമംഗലം പാടശേഖരത്തിൽ വിളവെടുപ്പ് മുടങ്ങി, നെല്ല് വെള്ളത്തിലായതോടെ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. 77 ഏക്കറുള്ള പാടശേഖരത്തിൽ 7 ഏക്കറോളം സ്ഥലത്തെ കൃഷിയാണ് കൊയ്തെടുക്കാൻ കഴിയാത്ത അവസ്ഥയിലുള്ളത്. ബാക്കി ഭാഗത്തെ നെല്ല് കൊയ്ത്ത് മിഷൻ ഇറക്കി കൊയ്തെടുത്തിരുന്നു. വെള്ളം കയറിയ ഭാഗത്ത് കൊയ്ത്ത് മിഷിൻ ഇറക്കാൻ കഴിയാത്തതിനാൽ തൊഴിലാളികളെ ഉപയോഗിച്ച് കൊയ്തെടുക്കാൻ ശ്രമിക്കുകയാണ്. എന്നാൽ മഴ വീണ്ടും പെയ്യുന്നതിനാൽ ഇവ ഉപേക്ഷിക്കേണ്ടി വന്നേക്കാമെന്ന് കർഷകർ പറയുന്നു. കൊയ്തെടുത്ത നെല്ല് കഴിഞ്ഞ ദിവസം സംഭരിച്ചിരുന്നു. 16 കർഷകരാണ് ഇവിടെ കൃഷി ഇറക്കിയിരുന്നത്. കൃഷി വെള്ളത്തിലായതിന് പിന്നാലെ നെല്ലിന് ഈർപ്പമുള്ളതാണെന്ന് പറഞ്ഞ് സംഭരണക്കാർ തൂക്കം കുറയ്ക്കുന്നതും കർഷകർക്ക് നഷ്ടം കൂട്ടുകയാണ്.