10-kalung-nirmanam
കലുങ്കിന്റെ നിർമ്മാണം ആരംഭിച്ചപ്പോൾ

റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കലുങ്ക് അടച്ച് ഓട നിർമ്മിച്ചതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചതിനെത്തുടർന്ന് ഇന്നലെ കലുങ്ക് നിർമ്മാണം കരാർ കമ്പനി ആരംഭിച്ചു. മാമ്മുക്ക് തേക്കാട്ടിൽ പള്ളിപ്പടി റോഡിലൂടെ ഭഗവതി കുന്ന് മലയിൽനിന്നും പഴവങ്ങാടി കര ഉയർന്ന പ്രദേശങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം ഓടയിലേക്ക് ഒഴുക്കി വിടുവാനുള്ള ക്രമീകരണം ഉണ്ടായിരുന്നില്ല. ഒഴുകിയെത്തുന്ന വെള്ളം ഉൾക്കൊള്ളുവാനുള്ള വ്യാപ്തിയും നിലവിലുള്ള ഓടയ്ക്ക് ഇല്ല. റോഡിലും സമീപപ്രദേശങ്ങളും ജലനിരപ്പുയരും എന്ന് നാട്ടുകാർ ആശങ്കപ്പെട്ടിരുന്നു. മാദ്ധ്യമങ്ങളിൽ ഈ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തതാണ്. തൊട്ടടുത്ത ദിവസത്തെ ശക്തമായ മഴയിൽ വെള്ളം മാമ്മുക്ക് ജംഗ്ഷനിൽ ക്രമാതീതമായി ഉയരുകയും ചെയ്തിരുന്നു. നാട്ടുകാർ മുൻ എം.എൽ.എ രാജു എബ്രഹാമിനും ബന്ധപ്പെട്ടവർക്കും പരാതി നൽകിയതിനെ തുടർന്ന് അദ്ദേഹം ഈ വിഷയത്തിൽ ഇടപെട്ട് കലുങ്ക് നിർമ്മിക്കാൻ നിർദേശം നൽകുകയായിരുന്നു. വളയനാട് ഓഡിറ്റോറിയം പടിക്കൽ നിർമ്മിച്ച കലിങ്കിലേക്ക് വെള്ളം ചരിച്ച് വിടാനായിരുന്നു ആദ്യ തീരുമാനം. അശാസ്ത്രീയമായ ഈ നടപടി നാട്ടുകാരുടെ ഇടപെടൽ മൂലം ഒഴിവായി. ഇന്നലെ മാമ്മുക്ക് ഭാരത് പെട്രോൾ പമ്പിന് സമീപത്തുള്ള കലുങ്ക് നിർമ്മാണം ആരംഭിച്ചു. വെള്ളം ഒഴുകുന്ന പ്രദേശങ്ങളിലെ നിരവധി കലുങ്കുകൾ റോഡ് വികസനവുമായി ബന്ധപ്പെട്ട് പുനർനിർമ്മാണം ഒഴിവാക്കിയിരുന്നു. ഇവയും പുനപരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്.