ചെങ്ങന്നൂർ: കൊവിഡ്പ്രതിരോധ പ്രവർത്തനങ്ങളിൽ നഗരസഭക്ക് അനാസ്ഥയാണെന്ന് സി.പി.എം, ഡി.വൈ.എഫ്.ഐ ഭാരവാഹികൾ ആരോപിച്ചു. സി.പി.എമ്മിന്റെ നേതൃത്വത്തിൽ നഗരസഭാ പ്രദേശത്ത് കൊവിഡ് ഹെൽപ്പ് ഡെസ്‌ക്ക് ആരംഭിക്കുമെന്നും നേതാക്കൾ അറിയിച്ചു. നഗരസഭയിലെ 27 വാർഡുകളിൽ പകുതി വാർഡുകളിൽ പോലും ജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടില്ല. രൂപീകരിച്ച ഇടങ്ങളിൽ തന്നെ പലയിടത്തും കൃത്യമായി പ്രവർത്തിക്കുന്നില്ല. കൊവിഡ് രോഗികളെ കൊണ്ടുപോകാൻ വാഹന സൗകര്യവും ലഭ്യമല്ല. വാക്‌സിനേഷനും രജിസ്‌ട്രേഷനും ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലാത്ത 60 വയസിന് മുകളിലുള്ളവരെ സഹായിക്കാനും സംവിധാനമില്ല. നഗരം മാലിന്യ കൂമ്പാരമായി മാറുകയാണ്. മഹാമാരിക്കിടെ കൂടിയ കൗൺസിൽ യോഗത്തിൽ പോലും നഗരസഭാംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ അഴിമതികൾ മൂടിവെക്കാനും കൈയേറ്റങ്ങൾക്ക് സഹായകരമായ തീരുമാനങ്ങൾ എടുക്കാനുമാണ് സമയം നീക്കിവെച്ചത്. കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുന്ന കാര്യം ആലോചിക്കാൻ പോലും നഗരസഭ തയാറായിട്ടില്ല. കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന ജനകീയ ഹോട്ടലിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന സമീപനമാണ് ഭരണാധികാരികൾ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ സി.പി.എം ചെങ്ങന്നൂർ ടൗൺ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളും ഡി.വൈ.എഫ്.ഐയുമായി ചേർന്ന് നഗരസഭാ പ്രദേശത്ത് കൊവിഡ് പോസിറ്റീവ് ആയവരേയും ക്വാറന്റെയിനിൽ കഴിയുന്നവരെയും സഹായിക്കാനായി ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കും. 24 മണിക്കൂറും ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കും. ഇതിനായി നഗരസഭാ പ്രദേശത്തെ 9 മേഖലകളായി തിരിച്ച് ഓരോ മേഖലയിലും 10 സന്നദ്ധ ഭടൻമാർക്ക് ചുമതല നൽകിയിട്ടുണ്ട്. ചെങ്ങന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിലാണ് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കുന്നതെന്ന് യു.സുഭാഷ്, വി.ജി.അജീഷ്, അശ്വിൻ ദത്ത്, അഭിജിത് എന്നിവർ അറിയിച്ചു. 9947384416, 8848792343, 9048160223, 9947118003, 9745949047, 9074063276.